എരുമേലി: എരുമേലി കണമല അട്ടിവളവിന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്. എരുമേലി-പമ്പ സംസ്ഥാന പാതയില്‍ കണമല അട്ടിവളവിന് സമീപം ബുധനാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
കര്‍ണ്ണാടക കോളാര്‍ ജില്ലയില്‍ നിന്നും ഗുല്‍ബാഗ് മേഖലയില്‍ നിന്നുള്ള 43 തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 23 പേര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ആറ് പേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. സുബ്രഹ്മണ്യന്‍ (38), വെങ്കിടേഷ് അപ്പ (50), സുബ്രഹ്മണ്യന്‍ (47), അരണിയ ഷെട്ടി (78), മുനി വെങ്കട്ടപ്പ (59), ഗോപി (23) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പരിക്കേറ്റവരെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ബസ് എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അട്ടിവളവിന് സമീപം മറിഞ്ഞത്. ബസ് അമിത വേഗതയിലായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ഇടത് വശത്തുള്ള ക്രാഷ് ബാരിയറില്‍ ഇടിച്ച് നിരങ്ങിയ ബസ് എതിര്‍ വശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ് റോഡില്‍ വിലങ്ങനെ കിടന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം പൂര്‍ണമായും നിലച്ചു. ക്രെയിന്‍ ഉപയോഗിച്ച് ബസ് നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
കാഞ്ഞിരപ്പള്ളി, റാന്നി, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളും എരുമേലി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോസഫ്, മാത്യു ജോസഫ്, പ്രകാശ് പള്ളിക്കൂടം, എരുമേലി വില്ലേജ് ഓഫീസര്‍ അനില്‍ എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: