ന്യൂദല്‍ഹി: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 12 സ്ഥാനാര്‍ത്ഥികളുള്ള ആദ്യ പട്ടികയും ഒന്‍പത് സ്ഥാനാര്‍ത്ഥികളുള്ള രണ്ടാം പട്ടികയുമാണ് പാര്‍ട്ടി ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ നാലു പേര്‍ വനിതകളാണ്.
ബിജെപി മിസോറാം സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മുക, മുന്‍ എംഎന്‍എഫ് നേതാക്കളായ ലാല്‍റിന്‍ ലിയാന സൈലോ, കെ. ബിച്ചുവ എന്നിവരാണ് ആദ്യ ലിസ്റ്റില്‍പെട്ട പ്രമുഖര്‍. വന്‍ലാല്‍മുക ദമ്പ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ തുയ്ചാങില്‍ എംഎല്‍എ ബുദ്ധ ധാന്‍ ചക്മയ്‌ക്കുപകരം ദുര്‍ജ്യ ധാന്‍ ചക്മ ജനവിധി തേടും. ഇത്തവണ മത്സരത്തിനില്ലെന്നും സജീവരാഷ്‌ട്രീയം അവസാനിപ്പിക്കുകയാണെന്നും ബുദ്ധ ധാന്‍ ചക്മ നേരത്തെ അറിയിച്ചിരുന്നു.
മുന്‍ നിയമസഭാ സ്പീക്കറും മുന്‍ എംഎന്‍എഫ് നേതാവുമായിരുന്ന ലാല്‍റിന്‍ ലിയാന സൈലോ മമിത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സൈലോയുടെ ബിജെപി പ്രവേശനം സംസ്ഥാനത്ത് എംഎന്‍എഫിന് വന്‍ ആഘാതമായിരുന്നു. ബിജെപി പ്രവേശനത്തിന് തൊട്ടുമുമ്പ് അദ്ദേഹം സ്പീക്കര്‍, എംഎല്‍എ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. മുന്‍ എംഎന്‍എഫ് നേതാവുകൂടിയായ കെ. ബിച്ചുവ സൈഹ മണ്ഡലത്തില്‍ നിന്നും പ്രമുഖ നേതാവായ പി.എസ്. സത്‌ലുവാംഗ, ചാമ്പൈ നോര്‍ത്തില്‍ നിന്നും മത്സരിക്കും.
ഒമ്പത് സ്ഥാനാര്‍ത്ഥികളുള്ള രണ്ടാം പട്ടികയില്‍ എഫ്. വാന്‍മിങ്താംഗ, ആര്‍. ലാല്‍താംഗ്ലിയാന തുടങ്ങിയ പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എഫ്. വാന്‍മിങ്താംഗ തുരിയാല്‍ മണ്ഡലത്തില്‍ നിന്നും ആര്‍. ലാല്‍താംഗ്ലിയാന കൊലാസിബ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ജൂഡി സോമിംഗ്ലി തുവാവലില്‍ നിന്നും എഫ്. ലാല്‍റെംസംഗി ഐസ്വാള്‍ സൗത്ത് ഒന്ന് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
സംസ്ഥാനത്ത് ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മുക അറിയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ബിജെപിയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. സഖ്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നിലവില്‍ ഒരു എംഎല്‍എ മാത്രമാണ് ബിജെപിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: