ഭോപാല്‍: തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് പാളയത്തില്‍ ഞെട്ടലുണ്ടാക്കി ബിജെപി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് തിവാരിയുടെ ചെറുമകനും മുന്‍ എംഎല്‍എ സുന്ദര്‍ലാല്‍ തിവാരിയുടെ മകനുമായ സിദ്ധാര്‍ത്ഥ് തിവാരിയും മുന്‍ എംഎല്‍എ ഫുന്ദര്‍ലാല്‍ ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബിജെപി അധ്യക്ഷന്‍ വി.ഡി. ശര്‍മ്മയും ചേര്‍ന്ന് സംസ്ഥാന ബിജെപി ഓഫീസില്‍ വച്ച് ഈ രണ്ട് നേതാക്കള്‍ക്കും അംഗത്വം നല്കി. പാരമ്പര്യവും പ്രതിഭയും കരുത്താക്കിയ യുവജനനേതാവ് എന്ന് വിശേഷിപ്പിച്ചാണ് സിദ്ധാര്‍ത്ഥ് തിവാരിയെ മുഖ്യമന്ത്രി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ബിജെപിക്ക് ഇത് ഇരട്ട നേട്ടമാണ്. ഫുന്ദര്‍ലാല്‍ രാഷ്‌ട്രീയ അനുഭവങ്ങളുടെ ഫാക്ടറിയാണ്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നായകനായ ഫുന്ദര്‍ലാല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ തുണയ്‌ക്കും. സിദ്ധാര്‍ത്ഥ് പോരാട്ടവീര്യമുള്ള യുവ നേതാവും രണ്ട് പേരും കോണ്‍ഗ്രസിനെതിരായ മത്സരത്തില്‍ ബിജെപിക്ക് കരുത്ത് പകരും, ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
2019ല്‍ രേവ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് സിദ്ധാര്‍ത്ഥ് മത്സരിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സമാനതകളില്ലാത്ത വികസനമാണ് കൈവരിച്ചിരിക്കുന്നതെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം സിദ്ധാര്‍ത്ഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടെയും ആശയത്തില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: