പാലക്കാട്: മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനമായ ഒക്ടോബർ 20ന് നടത്താൻ തീരുമാനിച്ച ആഘോഷത്തിൽ നിന്ന് മുൻ പി.എ സുരേഷിനെ ഒഴിവാക്കി. പാലക്കാട് മുണ്ടൂരിലെ ‘നൂറിന്റെ നിറവില് വിഎസ്’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷിനെ വിലക്കിയത്. സിപിഎമ്മും പാർട്ടി അനുഭാവികളായ ചെറുപ്പക്കാരുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഘോഷ പരിപാടിക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു. പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു ക്ഷണം. സുരേഷ് അതു സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കുകയും ചെയ്തിരുന്നു. പീന്നീടാണ് സുരേഷിനെ പരിപാടിയിൽ നിന്ന് വിലക്കിയത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കുകയും ചെയ്തു. വിഎസിന്റെ സന്തത സഹചാരിയായിരുന്ന സുരേഷിനെ കാരണങ്ങളൊന്നുമില്ലാതെയാണ് ഒഴിവാക്കിയത്. സംഭവത്തിൽ ദുഃഖമുണ്ടെന്ന് സുരേഷ് പ്രതികരിച്ചു.
ഒരു കാലത്ത് പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. അതിനാൽ സുരേഷിനെ ക്ഷണിച്ചത് ഒരു വിഭാഗം നേതാക്കൾക്ക് പിടിച്ചിട്ടില്ല. ഇതാണ് ഒഴിവാക്കാൻ കാരണം. സുരേഷ് മറ്റു പാർട്ടികളിലൊന്നും ചേർന്നിട്ടില്ലെന്നും സി പി എമ്മിലേക്ക് മടങ്ങിവരാനായി സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണെന്നുമുള്ള സംഘാടകരുടെ വിശദീകരണം ഈ നേതാക്കൾ മുഖവിലയ്‌ക്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: