ലോകകപ്പ് ക്രിക്കറ്റ് പ്രാഥമിക റൗണ്ട് മത്സരത്തിന്റെ മൂന്നിലൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഓരോ ടീമിന്റെയും ഒമ്പത് ഒന്നാം റൗണ്ട് മത്സരങ്ങളില്‍ മൂന്നെണ്ണം വീതം കഴിയുമ്പോള്‍ ഭാരതം, ന്യൂസീലന്‍ഡ് ടീമുകളാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്. ഭാരതത്തിന് സെമിയിലെത്താന്‍ ഇനിയുള്ള ആറ് കളികളില്‍ മൂന്നെണ്ണം ജയിച്ചാല്‍ മതിയാകും. നാല് കളികള്‍ ജയിക്കാനായാല്‍ ആരെയും പേടിക്കാതെ സെമി ഉറപ്പിക്കാം.
റൗണ്ട് റോബിന് സംവിധാനത്തിലുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. നിലവില്‍ മൂന്ന് കളികള്‍ വീതം ജയിച്ചിട്ടുള്ള ഭാരതവും ന്യൂസീലന്ഡുമൊക്കെ ആറ് പോയിന്റ് വീതം സ്വന്തമാക്കിയിട്ടുണ്ട്. 12 പോയിന്റ് നേടാനായാല്‍ സെമി ഏറെക്കുറേ ഉറപ്പാണ്. 14 പോയിന്റ് നേടാനായാല്‍ തിരിഞ്ഞുനോക്കേണ്ടതില്ല. ഒരു വിജയത്തിന് രണ്ട് പോയിന്റാണ് ലഭിക്കുക. ഇനി ഭാരതത്തിന് നാല് കളികള്‍ ജയിച്ചാല്‍ ഒരുതരത്തിലുമുള്ള ശങ്കയുമില്ലാതെ സെമിയിലെത്താം. 12 പോയിന്റ് നേടിയാലും സെമി ഉറപ്പിക്കാവുന്നതേയുള്ളു. മറ്റ് ടീമുകള്‍ ഒപ്പമെത്തിയാലോ മഴ പെയ്ത് മറ്റേതെങ്കിലും കളികള്‍ക്ക് മുടക്കം സംഭവിച്ച് തുല്യതയിലായാലോ കാര്യങ്ങള്‍ ചെറിയ ബുദ്ധിമുട്ടിലാകും. അതിനാല്‍ ഏഴ് വിജയത്തോടെ സെമി ഉറപ്പിക്കാനാകും എല്ലാ ടീമുകളും ശ്രമിക്കുക.
ഈ വിധത്തില്‍ പ്രാഥമിക റൗണ്ടിനെ വീക്ഷിക്കുമ്പോള്‍ കൂടുതല്‍ കടുപ്പമായിരിക്കുന്നത് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കാണ്. കളിച്ച മൂന്നിലും പരാജയപ്പെട്ടു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം എന്ന സ്ഥിതിയിലേക്ക് ടീം എത്തിയിരിക്കുന്നു. മൂന്ന് കളികളില്‍ ഒന്ന് മാത്രം ജയിച്ച ഓസ്ട്രേലിയക്ക് ഇനി ആറില്‍ അഞ്ച് കളികളെങ്കിലും ജയിച്ചേ തീരു എന്നതാണ് സ്ഥിതി. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും സമാന അവസ്ഥയിലാണ്.
ഇത്തവണത്തെ അതേ ഫോര്‍മാറ്റില്‍ പത്ത് ടീമുകളാണ് കഴിഞ്ഞ തവണയും പ്രാഥമിക റൗണ്ടില്‍ കൊമ്പുകോര്‍ത്തത്. അഞ്ച് കളികള്‍ ജയിച്ചാണ് ന്യൂസീലന്‍ഡ് സെമിയിലേക്കെത്തിയത്. പാകിസ്ഥാനും അഞ്ച് കളികള്‍ ജയിച്ചിരുന്നു. ഇരുവരുടെയും ഓരോ കളികള്‍ നടക്കാതെ വന്നതിനാല്‍ ഓരോ പോയിന്റ് വീതം കിട്ടിയിരുന്നു. ഇതോടെ ന്യൂസീലന്‍ഡിനും പാകിസ്ഥാനം 11 പോയിന്റ് വീതമായി. റണ്‍ നിരക്കിന്റെ ബലത്തില്‍ ഭാരതം, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്കൊപ്പം ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: