ശ്രീനി, കോന്നി
പെരുന്തേനരുവി, ഭക്ത ലക്ഷങ്ങള്‍ക്ക് മോക്ഷം നല്കുന്ന പമ്പയുടെ കൈവഴി. ഈ നദി ‘മൂളിയാല്‍’ മരണം ഉറപ്പെന്ന് ചിലരെങ്കിലും ഇന്നും വിശ്വസിക്കുന്നു. ഇവളുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവരാരും രക്ഷപെടാറില്ലത്രേ. അതുകൊണ്ടുതന്നെ ഇവിടെ നടന്ന മരണങ്ങള് നൂറിനോടടുക്കുന്നു. എന്തുകൊണ്ടാവും പുണ്യനദിയായ, ഭക്ത ലക്ഷങ്ങള്‍ക്ക് പുണ്യം പകരുന്ന പമ്പ ചിലപ്പോഴൊക്കെ തന്റെ ഉഗ്രരൂപം പുറത്തെടുക്കുന്നത്. പെരുന്തേനരുവിയുടെ ഭാഗമായ കട്ടിക്കല്ലരുവിയുടെ ആഴങ്ങളിലുറങ്ങുന്ന ശക്തന് വേലന്റെ കഥയിലേക്കാവും ഒരു പക്ഷെ ആ നാട്ടിലെ ചിലരുടെ ഓര്‍മ്മകളെങ്കിലും ചെന്നെത്തുക.
ശക്തന് വേലനെന്ന പേര് ചരിത്ര രേഖകളിലൊന്നുമില്ലെങ്കിലും കേള്‍ക്കുന്ന കഥകള്‍ക്കൊക്കെ സാക്ഷിയെന്നപോല്‍ ഒരു ക്ഷേത്രം ഇന്നും പത്തനംതിട്ട ജില്ലയിലെ റാന്നി ഇടമുറിയിലുണ്ട്. ഇവിടുത്തെ ആരാധന മൂര്‍ത്തിയാവട്ടെ ഒരുകാലത്ത് ചിലരെങ്കിലും വില്ലന്‍ പരിവേഷം നല്കിയ ശക്തന് വേലനും. ശക്തന് വേലന്റെ ജീവിതകാലഘട്ടത്തെക്കുറിച്ച് കൃത്യമായ രേഖകളില്ല. എങ്കിലും, ഒരു നാനൂറ് വര്‍ഷം മുമ്പ് എന്നാണ് വായ്മൊഴി.
കര്മനിരതന്; കാവലാള്‍
കടുമീന്‍ചിറയ്ക്കു സമീപമുള്ള വേലനും ചക്കിക്കും പിറന്ന ബാലന്റെ ആദ്യപേര് ചക്കന്‍ വേലന്‍ എന്നായിരുന്നു. ചെറുപ്പത്തില്‍ തന്നെ തന്റെ കഴിവുകള്‍കൊണ്ട് ശ്രദ്ധേയനായ ചക്കന്‍, കാട്ടുമൃഗങ്ങളില്‍ നിന്നും നാട്ടിലെ കൃഷികള്‍ സംരക്ഷിക്കുന്നതിനും, കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനും, കരകവിഞ്ഞൊഴുകുന്ന നദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനുമൊക്കെ മുന്നിലുണ്ടായിരുന്നത്രേ. ഇടമുറി, കരികുളം, ചെമ്പനോലി പ്രദേശങ്ങളായിരുന്നു ചക്കന്റെ പ്രധാന സേവനമേഖല. കാലക്രമേണ നേരിടാനോ എതിര്‍ക്കാനോ ആരും ഇല്ലാത്ത ഒരുവനായി അവന് വളര്‍ന്നു. അവനു മറ്റൊരു പേരു വീണു.
ശക്തന് വേലന്‍.
ബാല്യം കുഴപ്പമില്ലാതെ കടന്നുപോയെങ്കിലും യൗവനത്തില്‍ ശക്തന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന രീതിയിലായിരുന്നത്രേ. ജാതി വ്യവസ്ഥയും അയിത്തവും ഒക്കെ നിലനിന്നിരുന്ന ആ കാലത്ത് നിരന്തരം മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്ന ശക്തന് ചിലരുടെ കണ്ണിലെ കരടായി. എങ്കിലും ആജാനുബാഹുവായ ശക്തനെ ആരും എതിര്‍ക്കാറില്ല. നേരിട്ട് തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തനെ ചതിയില്‍പെടുത്തി കൊല്ലുകയല്ലാതെ എതിരാളികള്‍ക്ക് വഴിയുണ്ടായിരുന്നില്ല. അതിന് അവര്‍ തിരഞ്ഞെടുത്തതോ ശക്തന് നീന്തി വളര്‍ന്ന, ശക്തന് ഏറെ സ്നേഹിച്ചിരുന്ന പെരുന്തേനരുവി തന്നെ.
41 പേരടങ്ങുന്ന ഒരു രഹസ്യസംഘം രൂപികരിച്ചു. നദിയില്‍ മീന്‍ പിടിക്കാനെന്നപോല്‍ പെരുന്തനരുവി വെള്ളച്ചാട്ടത്തിന്റെ താഴ് ഭാഗമായ കട്ടുക്കല്ലരുവിയിലെത്താനായിരുന്നു പദ്ധതി. സംഘത്തോടൊപ്പം ശക്തനെ കൊണ്ടുപോകുക, കാട്ടുകിഴങ്ങുകള്‍ ചുട്ടെടുത്ത് കഴിക്കുക, ആ തീയില്‍ കുന്തമുനകള്‍ ചൂടാക്കുക, മദ്യം കുടിപ്പിച്ച് മയക്കുക, മുപ്പല്ലികള്‍ ഉപയോഗിച്ച് കുത്തി പെരുന്തേനരുവിയുടെ അഗാധതയിലേക്ക് തള്ളിവിടുക. ഇതെല്ലാം നടന്നെങ്കിലും ഒരു പിഴവ് സംഭവിച്ചു. ലഹരിക്കൊപ്പം കുത്തേറ്റെങ്കിലും തന്നെ ചതിച്ചു എന്ന് മനസ്സിലാക്കിയ ശക്തന് വേലന്‍ തന്നെ കൊല്ലാന്‍ വന്നവരെ ഈ വെള്ളത്തിന്റെ അഗാധതയില്‍ മുക്കിത്താഴ്ത്തുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. തന്നില്‍ വളര്ന്നവനെ കൊല്ലാന്‍ വന്നവരെ, പെരുന്തേനരുവി അവളുടെ അഗാധതയിലേക്ക് കൂട്ടികൊണ്ടുപോയി. മരിക്കും മുമ്പു ശക്തന് പറഞ്ഞത്. ‘ഇടമുറിയും കരികുളവും കുളന്തോണ്ടും’ എന്നായിരുന്നത്രേ. എന്നാല്‍ ജാതിവ്യവസ്ഥകളെ ശക്തന് എതിര്‍ത്തിരുന്നെന്നും മേല്‍ജാതിക്കാരിയായ ഒരു സ്ത്രീയെ സ്നേഹിച്ചതിന് നടന്ന ദുരഭിമാനക്കൊലയായിരുന്നു ശക്തന്റെ മരണമെന്നും മറ്റൊരു കഥയും പ്രചാരത്തിലുണ്ട്.
ഇടമുറിയിലെ ആരാധനാമൂര്‍ത്തി
പിന്നീട് അങ്ങോട്ട് ഈ ഗ്രാമത്തില്‍ അനിഷ്ട സംഭവങ്ങള്‍ തുടര്‍ക്കഥയായി. ഒരിക്കല്‍ ഒരു ദേവപ്രശ്നത്തില്‍ ഇതിനെല്ലാം കാരണം ശക്തന് വേലന്‍ ഇരിപ്പിടമുണ്ടാകാത്തതാണെന്ന് തെളിയുകയും ചെയ്തു. ഇതിന് പ്രായശ്ചിത്തമായി ശക്തനു പീഠം വച്ച് ആദരിച്ചു. ഇടമുറി ക്ഷേത്ര സമുച്ചയം പുനരുദ്ധരിച്ചപ്പോള്‍ ശക്തന് വേലന്‍ ക്ഷേത്രവുമായി. ഇടമുറി ഹിന്ദു സേവാസമിതിയുടെ നേതൃത്വത്തിലുള്ള ഇടമുറി മഹാക്ഷേത്ര സമുച്ചയത്തിലാണ് ശക്തന് അമ്പലമുള്ളത്. കിരാതമൂര്‍ത്തീഭാവത്തിലുള്ള ശിവക്ഷേത്രമാണ് ഇവിടെ പ്രധാനമെങ്കിലും ശക്തന് വേലനെ ആരാധിക്കാനും കാണിക്കയര്‍പ്പിക്കാനും നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. വെറ്റില, പുകയില, മദ്യം എന്നിവയാണ് വഴിപാടുകള്‍. അതും മറ്റ് ക്ഷേത്രനടകള്‍ അടച്ചിടുന്ന സമയങ്ങളില്‍ മാത്രം. കഥ എന്തായാലും ശക്തന് വേലന്‍ ആരാധനാമൂര്‍ത്തിയാണെന്നതും അദ്ദേഹത്തിന് ഒരു ക്ഷേത്രമുണ്ടെന്നതും സത്യമാണിന്ന്. ഇവിടുത്തെ പ്രധാന വഴിപാടായ, കറുത്തവാവ് നാളില്‍ നടക്കുന്ന ‘അപ്പൂപ്പനൂട്ടി’ന് എതാണ്ട് 10 വര്‍ഷം വരെ ബുക്ക് ചെയ്തുകഴിഞ്ഞു എന്നത് ആ വിശ്വാസത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: