കുന്നംകുളം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് പാലക്കാടും കൈവിട്ട കിരീടം വീണ്ടെുടുക്കാന്‍ എറണാകുളവും ഇറങ്ങുമ്പോള്‍ ഇവരുടെ കുത്തക അവസാനിപ്പിക്കാന്‍ ഉറപ്പിച്ച് മലപ്പുറവും കോഴിക്കോടും ഇറങ്ങുന്നു. 65-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയേറുമ്പോള്‍ അവസാനവട്ട കണക്കുകൂട്ടലുകളിലാണ് ജില്ലാ ടീമുകള്‍.
വന്‍ ലീഡുമായി കഴിഞ്ഞ വര്‍ഷം ഓവറോള്‍ കിരീടം നിലനിര്‍ത്തിയ പാലക്കാട്, ഹാട്രിക് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2019ല്‍ എറണാകുളത്തെ അട്ടിമറിച്ച് നേടിയ കിരീടം കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കാത്തത്. കല്ലടി, പറളി സ്കൂളുകളുടെ കരുത്തില്‍ 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും അടക്കം 269 പോയിന്റുകള്‍ നേടിയായിരുന്നു നേട്ടം.
രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറത്തേക്കാള്‍ 120 പോയിന്റ് വ്യത്യാസം. പറളി, മുണ്ടൂര്‍, കല്ലടി സ്കൂളുകള്‍ ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം വീണ്ടും പാലക്കാട്ടേക്ക് തന്നെയെത്തും. മാത്തൂര്‍ സിഎഫ്ഡി, കോട്ടായി ജിവിഎച്ച്എസ്എസ്, വടവന്നൂര്‍ ജിഎച്ച്എസ്എസ്, ചിറ്റൂര്‍ ജിബിഎച്ച്എസ്എസ് എന്നിവയും പാലക്കാടിന് കിരീടപ്പോരാട്ടത്തില്‍ കരുത്ത് പകരും.
ചരിത്രത്തില്‍ ആദ്യമായി പാലക്കാടിന് പിറകില്‍ കോഴിക്കോടിനെയും എറണാകുളത്തെയും മറികടന്ന് രണ്ടാം സ്ഥാനം നേടിയ മലപ്പുറവും ഇത്തവണ കിരീടത്തില്‍ കണ്ണുനട്ടാണ് എത്തുന്നത്.
13 സ്വര്‍ണമുള്‍പ്പെടെ 149 പോയിന്റുകളോടെയായിരുന്നു നേട്ടം. ചാമ്പ്യന്‍ സ്കൂളായ കടകശേരി ഐഡിയല്‍ ഇംഗീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയിരുന്നു മലപ്പുറത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസും, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും ചേരുമ്പോള്‍ മലപ്പുറം കൂടുതല്‍ കരുത്തരാവും. മലപ്പുറത്തിന് പിന്നില്‍ 122 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായ കോഴിക്കോടും ഇത്തവണ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
ഏറെ വര്‍ഷങ്ങളായി മൂന്നാം സ്ഥാനത്താണ് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ കോഴിക്കോടിന്റെ ഫിനിഷ്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കരുത്തിലെത്തുന്ന പുല്ലുരംപാറ സെന്റ് ജോസഫ് സ്കൂളിനൊപ്പം, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ്, പൂവമ്പായി എഎംഎച്ച്എസ് സ്കൂളുകളിലെ താരങ്ങളിലാണ് കോഴിക്കോടിന്റെ വലിയ പ്രതീക്ഷ.
വര്‍ഷങ്ങളായി ചാമ്പ്യന്‍പട്ടം കയ്യടക്കിയ എറണാകുളം കഴിഞ്ഞ മീറ്റില്‍ കോട്ടയത്തിനും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുന്‍പ് പല വര്‍ഷങ്ങളിലും ചാമ്പ്യന്‍ സ്കൂളായിരുന്ന കോതമംഗലം സിലിന്റെ പതനമാണ് എറണാകുളത്തിന് തിരിച്ചടിയായത്. ഇത്തവണ മാര്‍ബേസില്‍ കരുത്ത് വീണ്ടെടുത്താല്‍ എറണാകുളവും മുന്നേറും.
കോതമംഗലത്തെ തന്നെ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, എറണാകുളം ഗവ.ഗേള്‍സ് സ്കൂളുകള്‍ മികച്ച താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്.
2019ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റുകള്‍ നേടിയ എറണാകുളത്തിന് പോയവര്‍ഷം ലഭിച്ചത് 11 സ്വര്‍ണവും 81 പോയിന്റും മാത്രം. കഴിഞ്ഞ വര്‍ഷം 89 പോയിന്റുമായി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തിയ കോട്ടയത്തിന് പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കന്‍ഡറി സ്കൂളാണ് കരുത്ത്. 2022ല്‍ ആറാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശ്ശൂര്‍, മികച്ച തയാറെടുപ്പുകളോടെയാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: