കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം ലഭിക്കാത്തതിന്റെ പേരില്‍ പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയുണ്ടാക്കുന്നതെന്തിനെന്ന് ഹൈക്കോടതി. പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി 642 കോടി രൂപ നല്കുമെന്നു പറയുമ്പോള്‍ 485 കോടി രൂപയുടെ പദ്ധതി കേന്ദ്ര സഹായമില്ലാതെ തന്നെ നടപ്പാക്കാന്‍ കഴിയും. എന്നിട്ടും സര്‍ക്കാരെന്തിനാണ് സ്വന്തം ജീവനക്കാര്‍ക്കു ബാധ്യതയുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ മനസ്സിലാകുന്നില്ല, ജസ്റ്റിസ് ടി.ആര്. രവി വാക്കാല്‍ പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതി കേന്ദ്ര-സംസ്ഥാനങ്ങളുടെയായതിനാല് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും അത് തള്ളി. കേന്ദ്ര സര്‍ക്കാരുമായി ഹര്‍ജിക്കാര്‍ക്കു തര്‍ക്കമില്ല. അവര്‍ പദ്ധതിക്കെതിരുമല്ല. അതിനാല്‍ കേന്ദ്രത്തെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിക്കു ചെലവാക്കിയ വകയില്‍ പ്രധാനാധ്യാപകര്‍ക്കു കിട്ടാനുള്ള കുടിശ്ശിക ഉടന്‍ കൊടുക്കണമെന്നും പദ്ധതിത്തുക മുന്‍കൂര്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേന്ദ്ര വിഹിതമില്ലാതെ പദ്ധതി നടപ്പാക്കാനാകുമെന്നതിനാല് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിച്ചിട്ട് ഇതൊരു ചീഫ് മിനിസ്റ്റേഴ്സ് സ്കീമാക്കിക്കൂടേയെന്നു കോടതി ചോദിച്ചു. തുക മുന്‍കൂര്‍ നല്‍കുമെന്നാണ് പദ്ധതി ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നത്. ഇതു വിശദീകരിക്കാന്‍ ആറു തവണ കേസ് മാറ്റിവച്ചിട്ടും വ്യക്തമായ ഉത്തരമില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനാധ്യാപകരെ ബുദ്ധിമുട്ടിക്കരുതെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ കൃത്യമായ മറുപടിക്ക് സര്‍ക്കാരിനു സമയം നല്കി ഹര്‍ജി നാളെത്തേക്കു മാറ്റി.ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ല്‍ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായി. മുട്ട,പാല് വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. പാലിന്റെ വില വീണ്ടും 6 രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.
കേന്ദ്ര ഗവണ്മെന്റ് ആനുപാതികമായി തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ഗവണ്മെന്റ് ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല.അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്.
2022 ല്‍ ,ഒരു വര്‍ഷം മുമ്പ് തുക വര്‍ദ്ധിപ്പിക്കുമെന്ന് നിയമസഭയ്ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസവകുപ്പു മന്ത്രി നല്കിയ വാക്കുപാലിക്കാന്‍ ഇതേവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: