ശ്രീനഗര്‍: തീത്വാളില്‍ കിഷന്‍ഗംഗയുടെ തീരത്ത് ശാരാദാക്ഷേത്രത്തില് വിഭജനത്തിന് ശേഷം ഇതാദ്യമായി നവരാത്രി ആഘോഷം. ശാരദാനവരാത്രിക്ക് ഒരുങ്ങുന്ന കശ്മിരിന് ഭാവുകങ്ങള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമെത്തും. അതിര്‍ത്തിയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ശാരദാമന്ദിരം 75 വര്‍ഷത്തിന് ശേഷം ഈ വര്‍ഷമാദ്യമാണ് ഭക്തര്‍ക്കായി തുറന്നത്.
നെടുനാളത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന നവരാത്രി ആഘോഷങ്ങളില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീഹനുമാന്റെ ജന്മസ്ഥാനമെന്ന് വിശ്വസിക്കുന്ന കര്‍ണാടകയിലെ കിഷ്കിന്ധയില്‍ നിന്ന് ഹമ്പിയിലെ സ്വാമി ഗോവിന്ദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്ര കഴിഞ്ഞ ദിവസം ശാരദാമന്ദിരത്തിലെത്തി. ചലച്ചിത്രതാരവും കശ്മീരി പണ്ഡിറ്റുകളുടെ നേതാവുമായ എ.കെ. റെയ്നയുടെ നേതൃത്വത്തിലുള്ള സംഘവും നവരാത്രി ആഘോഷങ്ങളുടെ മുന്നോടിയായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇതൊരു ചരിത്രമുഹൂര്‍ത്തമാണെന്ന് സേവ് ശാരദാ കമ്മിറ്റി പ്രസിഡന്റ് രവീന്ദ്ര പണ്ഡിറ്റ് പറഞ്ഞു. 1947ല്‍ കടന്നുകയറിയ പാകിസ്ഥാനികള്‍ തകര്‍ത്തതാണ് ഇവിടെയുണ്ടായിരുന്ന ശാരദാക്ഷേത്രവും ഗുരുദ്വാരയും. ഈ വര്‍ഷം മാര്‍ച്ച് 23ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ക്ഷേത്രം വീണ്ടും തുറന്നത്. നവരാത്രിയുടെ മടങ്ങിവരവ് മുഴുവന്‍ കശ്മീരിന്റെയും പുനരുത്ഥാനത്തിന്റെ അടയാളമാണ്, രവീന്ദ്ര പണ്ഡിറ്റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെയാകെ ജീവിതത്തില്‍ പ്രകടമാകുന്ന ആത്മീയ ഉണര്‍വിന്റെ അടയാളമാണ് ശാരദാ നവരാത്രിയെന്ന് അമിത്ഷാ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: