ഇടുക്കി: ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദി വിട്ട് എം.എം മണി എംഎൽഎ. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പുതിയ ഒപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിൽ ആയിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുക്കാൻ വിരലിൽ എണ്ണാവുന്നവർ മാത്രമേ എത്തിയുള്ളൂ. ഇതേ തുടർന്നാണ് മണി വേദിവിട്ടത്.
ഇന്നലെ വൈകീട്ട് ആറ് മണിയ്‌ക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ മണിയുടെ നിർദ്ദേശത്തെ തുടർന്ന് ഇത് അഞ്ചേ കാലോടെ ആരംഭിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എംഎൽഎയെ ഒഴിഞ്ഞ കസേരകൾ ആണ് വരവേറ്റത്. ആരും എത്താതിരുന്നതോടെ വേഗം പരിപാടി ഉദ്ഘാടനം ചെയ്തതായി വരുത്തി മണി മടങ്ങുകയായിരുന്നു. പത്തിൽ താഴെ ആളുകൾ മാത്രമാണ് പരിപാടിയ്‌ക്കായി എത്തിയിരുന്നത്. ഇതോടെ പ്രസംഗം ഉൾപ്പെടെ മണി ഒഴിവാക്കി.
മണിയുടെ നാവ് നേരെയാകുവാൻ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസാണ് കരുണാപുരം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്. മിനിയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ഇടപെടലാണ് ആൾ കുറയാൻ കാരണം എന്നാണ് ഉയരുന്ന ആരോപണം. എന്നാൽ പരിപാടി നേരത്തെ നടത്തിയതാണ് ആളു കുറയാൻ കാരണം എന്ന് മിനി പ്രതികരിച്ചു.
കരുണാപുരം പഞ്ചായത്ത് സർക്കാർ ഫണ്ട് ദുരുപയോഗിക്കുന്നുവെന്നാണ് മണി ആരോപിക്കുന്നത്. ഇതും പരിപാടി നേരത്തെ തുടങ്ങിയതുമാണ് ആളുകൾ എത്താതിരിക്കാൻ കാരണം എന്നാണ് മിനി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: