ഭോപാല്‍: സ്ത്രീസുരക്ഷയുടെ മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം മധ്യപ്രദേശിനെ ഇളക്കി മറിക്കുന്നു. ഭോപാല്‍ നോര്‍ത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അലോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.
നിരത്തുകള്‍ നിറഞ്ഞ ജനങ്ങളെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. ഇനിയും ഭൂമിയില്ലാത്തവര്‍ക്ക്, വീടില്ലാത്തവര്‍ക്ക് ബിജെപി സര്‍ക്കാര്‍ എല്ലാം നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന കൂടാതെ ചീഫ് മിനിസ്റ്റര്‍ ഹൗസിങ് സ്കീമും നടപ്പാക്കും. മധ്യപ്രദേശില്‍ സ്വന്തമായി വീടില്ലാത്ത ഒരാളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ലാഡ്ലി ബെഹ്ന യോജനയില്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തും. വീട്ടമ്മമാര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ മാസം 1250 രൂപ നല്‍കുന്നതാണ് പദ്ധതി. ഇക്കുറി തുക മൂവായിരമാക്കി വര്‍ധിപ്പിക്കും, ശിവരാജ് സിങ് ചൗഹാന് ഉറപ്പ് നല്കി.
അതേസമയം ഇനിയും സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാകാത്തതിന്റെ അങ്കലാപ്പിലാണ് ഐഎന്‍ഡിഐഎ. ആം ആദ്മി പാര്‍ട്ടി മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്.
സഖ്യത്തിന്റെ കാര്യത്തില്‍ ധാരണയാകാതെ പ്രചാരണത്തിന് ഇറങ്ങാനാകാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ പാര്‍ട്ടിക്കായത്. 2018ല്‍ 208 സീറ്റില്‍ മത്സരിച്ച എഎപിക്ക് ഒന്നിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: