ന്യൂദല്‍ഹി: അദാനിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ ലോക് സഭയില്‍ ചോദിക്കുന്നതിന് ദര്ശന് ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപണം ശക്തമാവുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ഇതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മൊയ്ത്രയെ ഉടനെ സസ്പെന്റ് ചെയ്യാനും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. പാര്‍ലമെന്റ്റി അവകാശലംഘനം, പാര്‍ലമെന്റ് അവഹേളനം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളുടെ പേരില്‍ മഹുവ മൊയ്ത്രയെ ഉടന്‍ സസ്പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നിഷികാന്ത് ദുബെ കത്തെഴുതി.
അദാനി ഗ്രൂപ്പ് കാരണം ഹിരാനന്ദാനി ഗ്രൂപ്പിന് ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലയിലെ ബിസിനസുകള്‍ നഷ്ടപ്പെട്ടതിന്റെ പ്രതികാരമെന്നോണമാണ് ലോക് സഭയില്‍ മഹുവ മൊയ്ത്രയെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചതെന്ന് പറയുന്നു. ഇതിനായി മഹുവ മെയ്ത്രയ്ക്ക് രണ്ട് കോടി രൂപയും വിലകൂടിയ ആപ്പിള്‍ ഐ ഫോണും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപയും നല്‍കിയിരുന്നതായും പറയുന്നു.
ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. ഹിരാനന്ദാനി ഗ്രൂപ്പും ഈ ആരോപണം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: