റായ്പൂർ: ഒരാളുടെ മൊബൈൽ ഫോൺ സംഭാഷണം അയാൾ അറിയാതെ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ആർട്ടിക്കിൾ 21 പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോർത്തിയ സംഭവത്തിലാണ് കോടതി വിധി.
2019-ൽ ആരംഭിച്ച കേസിലാണ് സുപ്രധാന വിധി. 38-കാരി ജീവനാംശം ആവശ്യപ്പെട്ട് 44-കാരനായ ഭർത്താവിനെതിരെ മഹാസമുന്ദ് ജില്ലയിലെ കുടുംബ കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ചില ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഭാര്യയെ ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്നും ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2021-ലെ ഉത്തരവിൽ കുടുംബ കോടതി ഭർത്താവിന്റെ അപേക്ഷ അനുവദിച്ചു.
തുടർന്ന് കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് 2022-ൽ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതിനാൽ താൻ ജീവനാംശം നൽകേണ്ടതില്ലെന്നുമാണ് ഭർത്താവ് കുടുംബ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്ന ഉത്തരവാണ് കുടുംബ കോടതിയിൽ നിന്നുണ്ടായതെന്ന് യുവതിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു.
സുപ്രീംകോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും പുറപ്പെടുവിച്ച ചില വിധികൾ അദ്ദേഹം ഉദ്ധരിച്ചു.തുടർന്ന് ഹൈക്കോടതി ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ കുടുംബ കോടതിയുടെ വിധി റദ്ദാക്കി. ഭാര്യയുടെ അറിവില്ലാതെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെടുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. കുടുംബ കോടതി നിയമപരമായ പിശക് വരുത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: