തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും കേന്ദ്ര നിലപാടാണ് ഇതിന് കാരണമെന്നുമുളള പിണറായി സര്‍ക്കാരിന്റെ കുറ്റപ്പെടുത്തലിനിടെ നവംബര്‍ ഒന്നു മുതല്‍ നടക്കുന്ന കേരളീയം പരിപാടിക്ക് കോടികളാണ് പൊടിക്കുന്നത്.വിനോദ സഞ്ചാര വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് 27 കോടി 12 ലക്ഷം രൂപ ഇതിനകം അനുവദിച്ച് കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം എന്ന വാദമുയര്‍ത്തി കിഫ്ബിയില്‍ നിന്നും പണമെടുത്തിട്ടുണ്ട്. ഇത് കൂടാതെ സ്പോണ്സര്മാരില് നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.
കേരളീയത്തിന് മുന്നോടിയായി 27 കോടി 12 ലക്ഷം ഇനം തിരിച്ച് അനുവദിച്ച് ധന വകുപ്പ് ഉത്തരവിറങ്ങി. ഇതിന് പണമില്ലായ്മയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായില്ല.
കേരളീയം പരിപാടി പ്രധാനമായും ഊന്നല്‍ നല്‍കുന്നത് വിനോദസഞ്ചാര രംഗത്ത് ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്.പ്രദര്‍ശനത്തിനാണ് ഏറ്റവും അധികം തുക വകയിരുത്തിയത് – 9.39 കോടി. ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം. പബ്ലിസിറ്റിക്ക് ചെലവ് 3 കോടി 98 ലക്ഷം രൂപ. സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 3 കോടി 14 ലക്ഷം.
സ്റ്റേജ് ആധുനികവത്കരണം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കിഫ്ബി ഫണ്ടില്‍ നിന്നും കേരളീയത്തിന് വിഹിതം കണ്ടെത്തിയിട്ടുണ്ട്. പ്രാരംഭ ചെലവുകള്‍ക്ക് മാത്രമാണ് ആദ്യം അനുവദിച്ച തുക.
ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തലസ്ഥാനത്ത് മാത്രമായാണ് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ കേരളീയം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: