തൃശൂര്‍: മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനും വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയും സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും മലയാള സര്‍വ്വകലാശാലയും ചേര്‍ന്നുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി തുടക്കമായിരിക്കുന്നത്.
വിജ്ഞാനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട പഠനസാമഗ്രികളുടെ പ്രസിദ്ധീകരണം, അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കല്‍, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുക.
വൈജ്ഞാനിക മേഖലയിലെ പുതിയ അറിവുകള്‍ പരസ്പരം കൈമാറുക, അക്കാദമിക രചനയുടെ നൂതന മാതൃകകള്‍ വികസിപ്പിക്കുക, വൈജ്ഞാനിക മേഖലയില്‍ കാലാനുസൃതമായ പാഠ്യപദ്ധതി വികസിപ്പിക്കുക, ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുക, വൈജ്ഞാനിക സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുകയും അതിനുള്ള പശ്ചാത്തല സൗകര്യം പങ്കുവക്കുകയും ചെയ്യുക, ഇന്‍സ്റ്റിറ്റിയൂട്ട് ലൈബ്രറിയെ യൂണിവേഴ്‌സിറ്റി റഫറന്‍സ് ലൈബ്രറിയായി പരിഗണിക്കുക, ഇരുസ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷി പരസ്പരം കൈമാറുക, സംയുക്തമായി പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിക്കുക, ആവശ്യം വരുന്ന പുതിയ പദ്ധതികള്‍ ഏറ്റെടുക്കുക എന്നിവയിലാണ് സഹകരിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചത്.
നിലവില്‍ 11 പഠനവിഭാഗങ്ങളാണ് മലയാള സര്‍വ്വകലാശാലയില്‍ ഉള്ളത്. അവിടെയെല്ലാം മലയാളത്തിലാണ് ബോധനവും പരീക്ഷകളും. ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതും മലയാളഭാഷയിലാണ്. എന്നാല്‍, ആവശ്യമായ വൈജ്ഞാനിക കൃതികള്‍ മലയാള ഭാഷയില്‍ ലഭ്യമല്ലാത്തതാണ് മലയാള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി. അത് മറികടക്കുകയാണ് ധാരണാപത്രം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
തുടക്കമെന്ന നിലയ്‌ക്ക് മലയാള സര്‍വ്വകലാശാലയിലെ അഞ്ച് പഠനവിഭാഗങ്ങള്‍ക്കാവശ്യമായ ലഘു വിജ്ഞാനകോശം സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കും. ഇതിന് സര്‍വ്വകലാശാല അക്കാദമിക പിന്തുണ നല്‍കും. ചലച്ചിത്ര പഠനം, മാധ്യമ പഠനം, പൈതൃക പഠനം, വിവര്‍ത്തന പഠനം, പരിസ്ഥിതി പഠനം എന്നീ പഠനവിഭാഗങ്ങള്‍ക്ക് ആവശ്യമായ ലഘു വിജ്ഞാനകോശങ്ങളാണ് ആദ്യം തയ്യാറാക്കുക. തുടര്‍ഘട്ടത്തില്‍ മറ്റു പഠന വിഭാഗങ്ങളും ലഘു വിജ്ഞാനകോശങ്ങള്‍ തയ്യാറാക്കും.
മലയാള സര്‍വ്വകലാശാലയിലെ അധ്യാപകരും ഗവേഷകരും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്, മലയാള സര്‍വകലാശാല സംസ്‌കാര പൈതൃക പഠന ഡയറക്ടര്‍ കെ. എം. ഭരതന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: