മധ്യേഷ്യയില്‍ രക്തച്ചൊരിച്ചിലുകള്‍ നടക്കുമ്പോള്‍ കശ്മീരില്‍ സമാധാനവും സുരക്ഷയും സംജാതമായെന്നും ഭാരതീയര്‍ എന്നു ഭാഗ്യവാന്മാരാണെന്നും ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. കശ്മീരില്‍ ദീര്‍ഘകാല സമാധാനവും സുരക്ഷയും യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയയെും കേന്ദ്ര സര്‍ക്കാരിനെയും ഷെഹ്‌ല റാഷിദ് പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യത്തിനും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും അവര്‍ നന്ദി പറഞ്ഞു.
മധ്യേഷയിലെ സംഭവവികാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരതീയര്‍ ഏറെ ഭാഗ്യമുള്ളവരാണ്. ഇന്ത്യന്‍ സൈന്യവും സുരക്ഷാ സേനയും രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇതിന്റെ എല്ലാ വിധ ക്രെഡിറ്റും പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമാണ്. സുരക്ഷയില്ലാതെ സമാധാനം സാധ്യമല്ലെന്നാണ് ഇസ്രോയേല്‍-ഹമാസ് യുദ്ധം നല്‍കുന്ന സന്ദേശം. ജമ്മു കശ്മീരിലെ ധീരരായ പോലീസ് ഉദ്യേഗസ്ഥരും സേനയും മഹത്തായ ത്യാഗമാണ് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നടത്തിയതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ശക്തമായി വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു ഷെഹ്‌ല റാഷിദ്. കോണ്‍ഗ്രസ് നേതാവായ കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമൊപ്പം ‘ തുക്‌ഡേ തുക്‌ഡേ സംഘം’ എന്ന മുദ്ര കുത്തപ്പെട്ടതോടെയാണ് ഷെഹ്‌ല റാഷിദ് വാര്‍ത്തകളില്‍ നിറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരായ ഹര്‍ജിക്കാരുടെ പട്ടികയിലും ഷെഹ്‌ല റാഷിദ് ഉണ്ടായിരുന്നു.
ഓഗസ്റ്റില്‍ ഹര്‍ജിക്കാരുടെ പട്ടികയില്‍ നിന്ന് അവര്‍ പേര് പിന്‍വലിക്കുകയായിരുന്നു. റദ്ദാക്കിയ നടപടിയോട് എതിര്‍പ്പാണെങ്കിലും മനുഷ്യാവകാശ രേഖകള്‍ മെച്ചപ്പെട്ടതായി അവര്‍ പറഞ്ഞിരുന്നു. ഈ മാറ്റത്തിന് പിന്നില്‍ കേന്ദ്രമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: