തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനു പിന്നില്‍ സിപിഎം നേതൃത്വമെന്നാവര്‍ത്തിച്ച് ഇ ഡി. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിശദീകരണം. കരുവന്നൂര്‍ ബാങ്കില്‍ 150 കോടി രൂപയുടെ ബിനാമി വായ്പത്തട്ടിപ്പുകളാണ് കണ്ടെത്തിയത്. വായ്പകള്‍ അനുവദിച്ചത് സിപിഎം പാര്‍ലമെന്ററി സമിതി തീരുമാന പ്രകാരം.
സിപിഎം ഉന്നത നേതാക്കള്‍ അറിഞ്ഞാണ് വായ്പകള്‍. ബിനാമി വായ്പകള്‍ അനുവദിക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. വ്യാജ വായ്പകള്‍ സംബന്ധിച്ച ഫയലുകള്‍ ബാങ്കില്‍ വേറെ സൂക്ഷിച്ചു.
നേരത്തേയും കരുവന്നൂര്‍ തട്ടിപ്പിനു പിന്നില്‍ സിപിഎം നേതാക്കളാണെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ റെയ്ഡിനു ശേഷം അദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി ബന്ധം ആദ്യം പരാമര്‍ശിച്ചത്.
കേസില്‍ പ്രതികളായവരുടെയും ബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്തു മുങ്ങിയവരുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടലാണ് ആരംഭിച്ചത്. മുഖ്യപ്രതി പി. സതീഷ് കുമാറിന്റെയും ഭാര്യയുടെയും പേരിലെ 24 വസ്തുക്കള്‍ കണ്ടുകെട്ടുന്നവയില്‍പ്പെടും. ഇതിനു പുറമേ ഇരുവരുടെയും പേരില്‍ 46 ബാങ്ക് അക്കൗണ്ടുകളിലായുള്ള ഒരു കോടിയിലേറെ രൂപയുമുണ്ട്. ആകെ 117 വസ്തുക്കളാണ് കണ്ടുകെട്ടലില്‍.
സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും കേസിലെ മൂന്നാം പ്രതിയുമായ പി.ആര്‍. അരവിന്ദാക്ഷന്റെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് വഴി കോടികളുടെ ഇടപാട് നടന്നിരുന്നു. ഈ അക്കൗണ്ട് മരവിപ്പിച്ചു. അരവിന്ദാക്ഷന്റെ പേരിലുള്ള ഭൂമിയും മൂന്ന് ബാങ്ക് അക്കൗണ്ടുകളും കണ്ടണ്ടണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടുന്നു. മുഖ്യപ്രതികളും കൂട്ടുപ്രതികളും ഉള്‍പ്പെടെ 35 പേര്‍ക്കെതിരേയാണ് ഇപ്പോള്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: