ന്യൂദല്‍ഹി: നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്തുറൈയ്‌ക്കുമിടയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്ന ചടങ്ങില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും സംസ്‌കാരത്തിന്റെ ആഴത്തിലുള്ള ചരിത്രം പങ്കിടുന്നതിനാല്‍ നാഗപട്ടണത്തിനും കാങ്കേശന്തുറൈയ്‌ക്കും ഇടയില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണെന്ന് മോദി പറഞ്ഞു.
ബോട്ട് സര്‍വീസിന് തുറമുഖ, ഷിപ്പിംഗ്, ജലപാത, ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പച്ചക്കൊടി കാട്ടി. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും പങ്കെടുത്തു. കാലാവസ്ഥ സാധാരണ നിലയിലാണെങ്കില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ബോട്ട് കാങ്കേശന്തുറൈ തുറമുഖത്തെത്തും. പുരാതന കാലം മുതല്‍ക്കേ നാഗപട്ടണവും സമീപ നഗരങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായും കടല്‍ വ്യാപാരം നടത്തിയിട്ടുണ്ടെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പുരാതന തമിഴ് സാഹിത്യത്തില്‍ ചരിത്രപ്രധാനമായ പൂമ്പുഹാര്‍ തുറമുഖം ഒരു കേന്ദ്രമായി പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബോട്ടുകളുടെയും കപ്പലുകളുടെയും സഞ്ചാരം വിവരിക്കുന്ന പട്ടിനപ്പാളൈ, മണിമേഖല തുടങ്ങിയ സംഘകാല സാഹിത്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാലത്തെ പരാമര്‍ശിക്കുന്ന മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ‘സിന്ധു നദിയിന്‍ മിസൈ’ എന്ന ഗാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രപരവും സാംസ്‌കാരികവുമായ എല്ലാ ബന്ധങ്ങളെയും ബോട്ട് സര്‍വീസ് ജീവസുറ്റതാക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2015ല്‍ ദല്‍ഹിയിലേക്കും കൊളംബോയിലേക്കും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചപ്പോള്‍ ശ്രീലങ്കന്‍ സന്ദര്‍ശനം നടത്തിയതും പ്രധാനമന്ത്രി അനുസ്മരിച്ചു. പിന്നീട്, ശ്രീലങ്കയില്‍ നിന്നും തീര്‍ത്ഥാടന നഗരമായ കുശിനഗറില്‍ ആദ്യ വിമാനം ഇറങ്ങുന്നതും ആഘോഷിക്കപ്പെട്ടു.
2019 ല്‍ ചെന്നൈയ്‌ക്കും ജാഫ്നയ്‌ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതായും ഇപ്പോള്‍ നാഗപട്ടണത്തിനും കാങ്കേശന്തുറൈയ്‌ക്കും ഇടയിലുള്ള ബോട്ട് സര്‍വീസ് ഈ ദിശയിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ബന്ധം ഇരു രാജ്യങ്ങളിലെയും ആളുകളുടെ സ്വപ്നമാണെന്ന് ചടങ്ങില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി ഡോ.ജയ്ശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.ജാഫ്നയ്‌ക്ക് സഹായം നല്‍കി ശ്രീലങ്കന്‍ ജനതയുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിന് കാരണമായതും നരേന്ദ്രമോദിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിലുടെ ശ്രീലങ്കയെ സഹായിക്കുന്ന ഇന്ത്യയുടെ ശ്രമങ്ങളില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ സന്തോഷം പ്രകടിപ്പിച്ചു. ഇത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഷിപ്പിംഗ് കോര്‍പ്പറേഷനും അദ്ദേഹം നന്ദി പറഞ്ഞു. ഇനി ജനങ്ങള്‍ ശ്രീലങ്കയും ഇന്ത്യയും സന്ദര്‍ശിക്കുമെന്ന് റനില്‍ വിക്രമസിംഗെ പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യോമ- സമുദ്ര ബന്ധം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: