കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ അനുവദിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ഇഡി. ബാങ്ക് മുന്‍ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഇഡിക്ക് മൊഴി നല്‍കിയത്. വായ്പകള്‍ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സിപിഎം പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണ്. ലോണ്‍ ആര്‍ക്കൊക്കെ നല്കി എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേക മിനുട്സായി പാര്‍ലമെന്ററി സബ്കമ്മിറ്റികള്‍ സൂക്ഷിച്ചിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സിപിഎമ്മിലെ ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ബിനാമി വായ്പകള്‍ നല്‍കിയതെന്ന് കണ്ടെത്തിയതായും ഇഡി അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീളും. സ്വത്ത് കണ്ടുകെട്ടിയതിയത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ 57.75 കോടിയുടെ സ്വത്തുക്കള്‍ ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലുള്ള 117 വസ്തുവകകളാണ് കണ്ടുകെട്ടിയത്. 11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗണ്‍സിലര്‍ പി.ആര്.അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: