ബ്യൂണസ് ഐറിസ്: ജയത്തുടര്‍ച്ചയോടെ അര്‍ജന്റീന 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയ്ക്കുള്ള കോണ്‍മെബോല്‍ പട്ടികയില്‍ മുന്നിലെത്തി. പാരഗ്വായ്ക്കെതിരായ ജയത്തിലൂടെ ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന മുന്നില്‍ കടന്നത്.
വെനസ്വേലയ്ക്കെതിരായ മത്സരത്തില്‍ സുവര്ണാവസരങ്ങള് പാഴാക്കിയ ബ്രസീല്‍ സമനിലയില്‍ കുരുങ്ങി. ഇതോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇടിയുകയും ചെയ്തു.
സൂപ്പര്‍ താരം മെസി പകരക്കാനായി ഇറങ്ങിയ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. തുടക്കത്തിലേ കിട്ടിയ കോര്‍ണര്‍ ക്രോസിനെ പ്രതിരോധ താരം നിക്കോളാസ് ഒട്ടോമെന്‍ഡി സമര്‍ത്ഥമായി വലയിലെത്തിക്കുകായയിരുന്നു. കളിയുടെ മൂന്നാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ ആഘോഷിച്ചു. പിന്നീട് ആദ്യ പകുതിയില്‍ രണ്ട് സുവര്ണാവസരങ്ങള് കിട്ടിയത് രണ്ടും പാഴായി. ലാട്ടറോ മാര്‍ട്ടിനെസ് അശ്രദ്ധമായി തൊടുത്ത ഷോട്ട് എതിര് പ്രതിരോധ താരത്തില്‍ തട്ടി ദിശതെറ്റിയകന്നു. പാരഗ്വായ് പ്രതിരോധ പൂട്ടിനെ ഭേദിച്ച് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡി പോള്‍ പെനല്‍റ്റി ബോക്സിന് പുറത്തു നിന്നും തൊടുത്ത അത്യുഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. റീബൗണ്ടില്‍ താരം വീണ്ടും ഷോട്ടുതിര്‍ത്തെങ്കിലും പിന്നെയും പോസ്റ്റില്‍ തട്ടി പാഴായി.
രണ്ടാം പകുതിയില്‍ ഹൂലിയന്‍ അല്‍വാരസിന് പകരമിറങ്ങിയ നായകന് ലയണല്‍ മെസിയും മൂന്ന് ഷോട്ടുകള്‍ ഉതിര്ത്തെങ്കലും ക്രോസ് ബാറിലും പോസ്റ്റിലുമായി തട്ടി തിരികെ പോന്നു. കോര്‍ണര്‍ കിക്കെടുത്ത മെസിയുടെ ഷോട്ട് നേരിട്ട് വലയില്‍ കയറേണ്ടതായിരുന്നു തടയാന്‍ ശ്രമിച്ച ഗോളി പോലും തോറ്റപ്പോള്‍ പന്ത് ക്രോസ് ബാറിലും പോസ്റ്റിലുമായി തട്ടിമാറി. മറ്റൊരു തവണ മെസി തൊടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിയകന്നു. ഒരു തവണ സൂപ്പര്‍ താരം തൊടുത്ത മികച്ചൊരു ഷോട്ടും പോസ്റ്റില്‍ തട്ടി. എതിര് പക്ഷത്ത് നിന്ന് അര്‍ജന്റീനയ്ക്ക് ഒരു തവണ മത്രമാണ് പേടിപ്പെടുത്തുന്ന നീക്കമുണ്ടായത്. നേരീയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
വെനസ്വേലയ്ക്കെതിരായ പോരാട്ടത്തില്‍ ഏതാനും ചില നീക്കങ്ങളൊഴിച്ചാല്‍ ബ്രസീല്‍ തന്നെയാണ് കളം വാണത്. പക്ഷെ ഗോള്‍ കണക്കില്‍ ഒപ്പത്തിനൊപ്പം എന്ന നിലയിലേ അവസാനിപ്പിക്കാനായുള്ളൂ. രണ്ടാം പുകതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോള്‍ നേടി. ഗബ്രിയേല്‍ മഗാല്ഹീസ് ആണ് ഗോളടിച്ചത്. പിന്നെയും ഗോള്‍ നേടാനുള്ള സുവര്‍ണവാസരം ബ്രസീലിന് കിട്ടിയിരുന്നെങ്കിലും ശ്രദ്ധക്കുറവ് കാരണം പാഴായിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് അവസരങ്ങള്‍ പാഴാക്കിയത് സൂപ്പര്‍ താരം നെയ്മറാണ്. ഒടുവില്‍ 85-ാം മിനിറ്റില്‍ എതിര് പക്ഷത്തിന് ലഭിച്ചൊരുവസരത്തില് എഡ്വാര്‍ഡ് ബെല്ലോ നേടിയ ഗോള്‍ വെനസ്വേലയ്ക്ക് സമനില സമ്മാനിച്ചു.
ഇന്നലെ നടന്ന മറ്റ് കോണ്‍മെബോല്‍ യോഗ്യതാ പോരാട്ടങ്ങളിലൊന്നില്‍ കരുത്തരായ ഉറുഗ്വായും 2-2 സമനിലയില്‍ കുരുങ്ങി. മറ്റ് യോഗ്യതാ മത്സരങ്ങളില്‍ ഇക്വഡോര്‍ ബൊളീവിയയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ പെറുവിനെതിരെ ചിലി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: