ന്യൂദൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിൽ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നൽകിയ ഹർജി തള്ളി ദൽഹി ഹൈക്കോടതി. അറസ്റ്റിനെ ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇരുവരും സമർപ്പിച്ച ഹർജികളിൽ പ്രാധാന്യമൊന്നും കണ്ടെത്താനായില്ലെന്നും അതിനാൽ തള്ളുകയാണെന്നും ജസ്റ്റിസ് തുഷാർ റാവു ഗെഡേല വ്യക്തമാക്കി.
അന്വേഷണം തുടരുകയാണെന്നും തെളിവുകൾ ശേഖരിച്ചു വരികയുമാണെന്ന ദൽഹി പോലീസിന്റെ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. സിബിഐ ഉള്‍പ്പെടെ കേസ് ഏറ്റെടുത്ത കാര്യവും ദൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഒക്ടോബർ മൂന്നിനാണ് ഇവർ അറസ്റ്റിലായത്. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഹർജി തള്ളിയതോടെ ഒക്ടോബര്‍ 20വരെ പ്രബിര്‍ പുര്‍കായസ്തയും, അമിത് ചക്രവര്‍ത്തിയും ജുഡീഷ്യല്‍ കസ്റ്റഡിയിൽ തുടരും. അ റസ്റ്റും റിമാൻഡും നിലനിൽക്കില്ലെന്നായിരുന്നു ഇവരുടെ വാദം. അറസ്റ്റിന്റെ സമയത്ത്, നടപടിയുടെ കാരണം തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും വിചാരണാക്കോടതി റിമാന്‍ഡ് ഉത്തരവ് പാസാക്കിയത് തങ്ങളുടെ അഭിഭാഷകരുടെ അസാന്നിധ്യത്തിലാണെന്നും ഇരുവരും ചൂണ്ടിക്കാണിച്ചിരുന്നു. ഒക്ടോബര്‍ ആറിന് ഇരുവരുടെയും ഇടക്കാല ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: