ഹരിപ്പാട്: അക്ഷരമുത്തശ്ശിക്ക് നാട് വിട ചൊല്ലി. നാരീശക്തി പുരസ്കാര ജേതാവ് ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മയുടെ സംസ്കാരച്ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ വീട്ടുവളപ്പില്‍ നടന്നപ്പോള്‍ നൂറുകണക്കിനാള്‍ക്കാരാണ് അമ്മയെ അവസാനമായി യാത്രയയക്കാന്‍ എത്തിയത്
വീടിന്റെ തെക്ക് ഭാഗത്തെ അന്ത്യവിശ്രമത്തിനായി ഒരുക്കിയിരുന്ന ചിതയില്‍ ചെറുമകന് കണ്ണന് അഗ്നി പകര്‍ന്നു. രാജ്യത്തെ ഏറ്റവും പ്രായം കുടിയ സാക്ഷരത പഠിതാവായ കാര്‍ത്ത്യായനിയമ്മയെ 102 -ാം വയസ്സില്‍ രോഗം തളര്‍ത്തിയെങ്കിലും, അക്ഷരങ്ങളോടുള്ള ഒടുങ്ങാത്ത ആവേശമായിരുന്നുവെന്ന് അക്ഷരം പകര്‍ന്ന് നല്കിയ സാക്ഷരതാ പ്രവര്‍ത്തക സതി പറഞ്ഞു. വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന നാരീശക്തി പുരസ്കാരവും മറ്റ് അവാര്‍ഡുകളുമൊക്കെ ഇനി അമ്മയുടെ ഓര്‍മ്മയായി അവശേഷിക്കും.
കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ദിലിപ്, സാക്ഷരതാ മിഷന് ഡയറക്ടര്‍ ഒലീല, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് തുടങ്ങി നിരവധി രാഷ്ട്രീയ സാമുഹ്യ പ്രവര്‍ത്തകരും ഇന്നലെ സംസ്കാരച്ചടങ്ങില്‍ എത്തിയിരുന്നു.
നാരീശക്തി പുരസ്കാര ജേതാവ് കാര്‍ത്ത്യായനിയമ്മക്ക് സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ ചേപ്പാട് പഞ്ചായത്ത് ഒരുങ്ങുന്നു. വീടിന് സമീപത്തു തന്നെയുള്ള സ്ഥലത്തായിരിക്കും സ്മൃതിമണ്ഡപം ഒരുക്കുക.
ഇതോടൊപ്പം തന്നെ ഒരു വായനശാലയും നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ഇതിന്റെ ഔദ്യോഗിക തീരുമാനം ഉണ്ടാകും. സംസ്കാരത്തിന് ശേഷം അനുശോചന സമ്മേളനവും സംഘടിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: