ന്യൂദല്‍ഹി: കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാതെ കോണ്‍ഗ്രസ്. ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വാര്‍ റൂമായി പ്രവര്‍ത്തിക്കുന്ന ഗുരുദ്വാര രകബ്ഗഞ്ച് റോഡിലെ 15-ാം നമ്പര്‍ ബംഗ്ലാവാണ് കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത്. തുടര്‍ന്ന് കെട്ടിടം ഒഴിയണമെന്ന് കാണിച്ച് രാജ്യസഭാ ഹൗസിങ് കമ്മിറ്റി നോട്ടീസ് നല്‍കിയിരിക്കുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് വാര്‍ റൂം ഒഴിയേണ്ടിവന്നതെന്ന സാഹചര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. വിവരം പുറത്തായതോടെ രാഷ്‌ട്രീയ പകപോക്കലാണെന്ന ഇരവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ബംഗാള്‍ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ രാജ്യസഭാ എംപിയുമായ പ്രദീപ് ഭട്ടാചാര്യയുടെ പേരിലായിരുന്നു ഈ ബംഗ്ലാവ് അനുവദിച്ചത്. ഭട്ടാചാര്യയുടെ കാലാവധി 2023 ആഗസ്ത് 18ന് അവസാനിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം ഒഴിയണമെന്ന് കാണിച്ച് രാജ്യസഭാ ഹൗസിങ് കമ്മിറ്റി നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഉള്‍പ്പെടെയുള്ള ചര്‍ച്ചകളുടെ വേദിയായിരുന്നു ഈ ബംഗ്ലാവ്. 2011 മുതല്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാവ് ഒഴിയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഭട്ടാചാര്യ ഹൗസിങ് കമ്മിറ്റിക്ക് കത്തയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. വിവരം പുറത്തറിഞ്ഞ സ്ഥിതിക്ക് എത്രെ യും വേഗം വാര്‍ റൂം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
പ്രദീപ് ഭട്ടാചാര്യയ്‌ക്ക് മുമ്പ്, ഈ ബംഗ്ലാവ് രാജ്യസഭാ എംപിയായിരുന്ന നടി രേഖയ്‌ക്കാണ് അനുവദിച്ചിരുന്നത്. അവര്‍ ഇവിടെ താമസിക്കാതെ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടം വിട്ടുകൊടുക്കുകയായിരുന്നു. ഹരിയാനയില്‍ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായ കാര്‍ത്തിക് ശര്‍മയ്‌ക്കാണ് പുതുതായി ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: