കൊച്ചി: വിത്തുകള്‍ വില്‍ക്കാനുള്ളതല്ല, തലമുറകള്‍ക്ക് കൈമാറാനുള്ള നന്മയാണെന്ന് പദ്മശ്രീ പുരസ്കാര ജേതാവും ആദിവാസി കര്‍ഷകനുമായ ചെറുവയല്‍ രാമന്. 16ാമത് കാര്‍ഷിക ശാസ്ത്ര കോണ്‍ഗ്രസില്‍ നടന്ന കര്‍ഷക സംഗമത്തില്‍ അനുഭവം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ വരദാനമാണ് വിത്തുകള്‍. പമ്പരമ്പരാഗതയിനങ്ങള് ഉള്‍പ്പെടെയുള്ള നെല്‍വിത്തുകള്‍ സംരക്ഷിച്ചുവരുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായാണ് ഇവ നല്‍കുന്നത്.
എന്നാല്‍ പ്രകൃതിക്കിണങ്ങുന്ന കൃഷിരീതികളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കാന്‍ പുതുതലമുറക്ക് താല്പര്യമുണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുവയല്‍ രാമനെ കൂടാതെ, പദ്മ പുരസ്കാരജേതാക്കളായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സേത്പാല്‍ സിംഗ്, ചന്ദ്രശേഖര്‍ സിംഗ്, ഒഡീഷയില്‍ നിന്നുള്ള കുമാരി സബര്‍മതി, ബട്ട കൃഷ്ണ സാഹു എന്നിവര്‍ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവെച്ചു. പദ്മജേതാക്കളായ കര്‍ഷകരെ സമ്മേളനം ആദരിച്ചു.
കാര്‍ഷികമേഖലയില്‍ സ്ത്രീസൗഹദമായ യന്ത്രങ്ങളും ഉപകരണങ്ങളും വികസിപ്പിക്കണമെന്ന് കുമാരി സബര്‍മതി ആവശ്യപ്പെട്ടു. വിളകള്‍ക്ക് പോഷകമൂല്യം കൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ വേണം.
കര്‍ഷകരെയും പരിസ്ഥിതിയെയും പരിഗണിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്ക് കാര്‍ഷിക ശാസ്ത്രജഞര്‍ മുന്‍കയ്യെടുക്കണം. ഗവേഷണങ്ങള്‍ക്ക് മാനുഷിക മുഖം കൂടി വേണം. കര്‍ഷകരുടെ നഷ്ടങ്ങളും പ്രതിസന്ധികളും പരിഹരിക്കേണ്ടത് ഉത്തരവാദിത്തമായി കരുതണമെന്നും അവര്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു.
കര്‍ഷക സംഗമത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം കര്‍ഷകര്‍ ശാസ്ത്രജ്ഞരുമായി സംവദിച്ചു. മതിയായ വിലലഭിക്കുന്ന വിധത്തില്‍ ഓരോ ഉല്പന്നങ്ങള്ക്കും വിപണി ഉറപ്പുവരുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ചെറുകിടഇടത്തരം കര്‍ഷകരുടെ പ്രശ്നങ്ങള്‍കൂടി പരിഗണിച്ചുള്ള കാര്‍ഷികവികസന നയമാണ് വേണ്ടത്. വായ്പകള്‍ കര്‍ഷകര്‍ക്ക് കടമ്പകള്‍ അധികമില്ലാതെ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം.
കര്‍ഷകര്‍ക്ക് സമൂഹത്തില്‍ അന്തസ് കല്പിച്ചുനല്കണം. നെല്ലിനങ്ങളുടെ പ്രാദേശിക വകഭേദങ്ങള്‍ വികസിപ്പിക്കണം. കൃഷിക്കാവശ്യമായ ചെറുകിടയന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കണം. കര്‍ഷക ഉല്പാദന സംഘങ്ങള്‍ക്ക് പലിശരഹിത വായപ് നല്‍കണം.
കര്‍ഷകരുടെ ഉല്പന്നങ്ങള് പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കണം. വിലയിടിവും രോഗബാധയും കാരണം നാളികേരകര്‍ഷകര്‍ പ്രതസന്ധിയിലാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിനു പുറമെ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഗോവ, കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു.
റാണി ലക്ഷ്മിഭായി കേന്ദ്രകാര്‍ഷിക സര്‍വകലാശാല വൈസ് ചാന്ലസലര് ഡോ എ.കെ. സിങ്, തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ വി ഗീതലക്ഷ്മി എന്നിവര്‍ സംവാദം നിയന്ത്രിച്ചു. നാഷണല്‍ അക്കാദമിക ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് (നാസ്) സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് സിഎംഎഫ്ആര്‍ഐയാണ് ആതിഥ്യം വഹിക്കുന്നത്. സമ്മേളനം ഒക്ടോബര്‍ 12ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: