ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതികളായ മുത്തുശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയ്‌ക്ക് സമീപം ചോളാവരത്താണ് ആവഡി പോലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
മരപ്പേടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പ്രതികൾ ഒളിവിൽ കഴിയുകയാണെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇവിടെ വച്ച് പ്രതികൾ മൂന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്വയരക്ഷയ്‌ക്ക് വെടിവച്ചെന്നാണ് റിപ്പോർട്ട്. രണ്ടു പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തു ശരവണന്റെ പേരിൽ 13 കേസുകളുണ്ട്. ഇതിൽ ആ റെണ്ണം കൊലപാതക കേസുകളാണ്. സതീഷിന്റെ പേരിൽ അഞ്ചോളം കേസുകളുണ്ട്.
കുപ്രസിദ്ധ ഗുണ്ട ബോംബ് ശരവണന്റെ കൂട്ടാളികളാണ് കൊല്ലപ്പെട്ട മുത്തുശരവണനും സതീഷും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവള്ളൂരില്‍ അണ്ണാ ഡി.എം.കെ. നേതാവ് പാര്‍ത്ഥിപനെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതികളാണ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഓഗസ്റ്റ് 17ന് പാടിനല്ലൂരിലെ ഒരു ക്ഷേത്രത്തിന് സമിപത്തെ ഗ്രൗണ്ടിലാണ് പാർത്ഥിപനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: