കോട്ടയം: ചില ചാനലുകളിലും പത്രങ്ങളിലും വരുന്നതുപോലെ ഇസ്രായേലില്‍ മുഴുവന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പുതുപ്പള്ളി സ്വദേശിനി റോസ്ലി സന്തോഷ്. പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. ഞാന്‍ ഇസ്രായേലിന്റെ വടക്ക്, ലെബനന് അതിര്‍ത്തിക്കടുത്താണ് താമസിക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാല്‍ ഗാസയോട് ചേര്‍ന്നുള്ള ഇസ്രായേലിന്റെ തെക്കുഭാഗത്താണ് വലിയ കുഴപ്പങ്ങളുണ്ടായിരിക്കുന്നത്, ആഷ്ലോണ്‍ പോലുള്ള ഭാഗങ്ങളില്‍. ഇസ്രായേലിലെ കെര്‍കാഷമാനില്‍ കെയര്‍ഗിവറായ റോസ്ലി ജന്മഭൂമിയോടു പറഞ്ഞു. അവിടങ്ങളില്‍ വലിയ തോതില്‍ മരണങ്ങളുണ്ടായിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്.
ഞങ്ങള്‍ താമസിക്കുന്ന മേഖല സുരക്ഷിതമാണ്. ഞാന്‍ കെയര്‍ഗിവറായ ഗൃഹനാഥനെയും വീട്ടുകാരെയും എന്നെയും ഇസ്രായേല്‍ അധികൃതര്‍ തന്നെയാണ് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതും. കുടിവെള്ളത്തിനോ ഭക്ഷണത്തിനോ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. എന്നാല്‍ ഗാസക്കടുത്ത സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുന്ന ധാരാളം മലയാളികളുമുണ്ട്.
ഇസ്രായേല്‍ എന്ന രാജ്യം എങ്ങനെയാണോ അവരുടെ ജനങ്ങളെ പരിപാലിക്കുന്നത്, അതുപോലെതന്നെയാണ് നമ്മളെയും അവര്‍ കെയര്‍ ചെയ്യുന്നത്. നാട്ടില്‍ എന്തൊക്കെ വാര്‍ത്തകളാണ് വരുന്നത്. ഓരോ ന്യൂസ് ചാനലും അവര്‍ക്ക് ക്രഡിറ്റ് കിട്ടാന്‍ വേണ്ടി തെറ്റായ വിവരങ്ങളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കൂടി ഭയമാണ്. പരിക്കുകള്‍ പറ്റിയ മലയാളികളുമുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ സേഫ്റ്റി റൂമുകളില്‍ കഴിയുന്ന ധാരാളം മലയാളികളുമുണ്ട്. അവിടങ്ങളില്‍ പ്രശ്നം തുടങ്ങിയത് വെള്ളിയാഴ്ചയാണ്. വെള്ളി, ശനി ശാബത്ത് ദിവസങ്ങളാണ്. അന്ന് ആരും ജോലി ചെയ്യില്ല. വീട്ടില്‍ വിശ്രമിക്കുന്ന ദിവസം പെട്ടെന്നായിരുന്നു ഇസ്രായേലിനുമേല്‍ ഹമാസ് ആക്രമണം നടത്തിയത്. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ധാരാളം ഇസ്രായേലി സൈനികരും സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് തിരിച്ചടിക്കാതെ വഴിയില്ലായിരുന്നു. ഇസ്രായേലിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നേരിട്ടറിയാം. എന്തു പ്രശ്മുണ്ടായാലും താമസിക്കാന്‍ ഞങ്ങള്‍ക്ക് സേഫ്റ്റി റൂമുണ്ട്. (ഇത്തരം മുറികൡല്ലാത്ത വീടുകളുമുണ്ട്.) സയറണ്‍ മുഴുമ്പോള്‍ നാം അതില്‍ കയറണം. അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രശ്നമുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായസ്ഥലങ്ങളില്‍ ഉള്ളവരെയെല്ലാം ഇസ്രായേലി സര്‍ക്കാര്‍ ഒഴിപ്പിച്ചുകഴിഞ്ഞു. സൈനികരുടെ സംരക്ഷണയിലാണ് ഞങ്ങള്‍ താമസസ്ഥലം മാറ്റിയതു പോലും.
ബോംബുകളെയല്ല ഹമാസ് ഭീകരരെയാണ് ഭയം. അവര്‍ വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളെയും കൊച്ചുകുട്ടികളെയും വരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. റോസ്ലി സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: