ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മാറാനുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പതിനായിരം കവിഞ്ഞു. നാളെ വരെയാണ് അപേക്ഷിക്കാനുള്ള അവസരം ജീവനക്കാര്‍ക്കുള്ളത്. ഇതുവരെ അപേക്ഷിച്ചവരില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പുറമെ 113 സ്റ്റേഷന് മാസ്റ്റര്‍മാരും 82 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു. അറ്റന്‍ഡര്‍ തസ്തികയില്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ 263 ഒഴിവുകളാണ് ആകെയുള്ളത്.
മൂന്ന് സെറ്റ് അപേക്ഷകളാണ് ജീവനക്കാര്‍ നല്‍കുന്നത്. ബിവറേജസിലേക്കും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലേക്കും ജില്ലാ ഓഫീസര്‍ക്കുമാണ് അപേക്ഷകള്‍ നല്‍കുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം പതിവായി ശമ്പളം മുടങ്ങുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരെ എത്രമാത്രം വലയ്ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അപേക്ഷകളുടെ എണ്ണത്തിലെ വര്‍ധന. വനിതകള്‍ അടക്കമുള്ള ജീവനക്കാരില്‍ പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പിടിവള്ളിയായാണ് ഡെപ്യൂട്ടേഷന് നിയമനത്തെ കാണുന്നത്. നിലവില്‍ ജോലി ചെയ്യുന്ന ഓഫീസുകളിലെ അധികാരികള്‍ക്കാണ് ആദ്യത്തെ അപേക്ഷ നല്‍കുന്നത്. ബിവറേജസിലെ ഡെപ്യൂട്ടേഷന് നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ അപേക്ഷകളുമായി രംഗത്തെത്തിയത്.
സൂപ്പര്‍ ന്യൂമററി വിഭാഗത്തിലെ ജീവനക്കാരില്‍ നിന്ന് അപേക്ഷകരുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. സൂപ്പര്‍ ന്യൂമററി ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ സിക്ക് യൂണിറ്റായി പ്രഖ്യാപിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരമാണ് കെഎസ്ആര്‍ടിസിക്ക് നറുക്ക് വീണത്. അതേസമയം അപേക്ഷിച്ചാലും നിയമനം കിട്ടില്ലെന്ന് തിരിച്ചറിയുന്ന ജീവനക്കാരുമുണ്ട്. ഇവര്‍ സ്വന്തം സ്ഥാപനത്തിലെ മാനേജ്മെന്റിനോടുള്ള എതിര്‍പ്പ് പ്രകടമാക്കാനും പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് സാക്ഷ്യപ്പെടുത്താനുമാണ് പ്രക്രിയയില്‍ പങ്കാളികളാകുന്നത്.
ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മാറിയാല്‍ കൃത്യമായി ശമ്പളം ലഭിക്കുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്. ബിവറേജസ് ഔട്ട്ലറ്റുകളിലെ ജോലി സമയം അനു
സരിച്ച് അധിക അലവന്‍സും ലഭിക്കും. ബിവറേജസ് കോര്പ്പറേഷന് പിന്നാലെ സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ വരും നാളുകളില്‍ നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: