പ്രസന്നന്‍. ബി
പേരും പ്രശസ്തിയും, സമ്പാദ്യവും ആര്‍ക്കാണു വേണ്ടത്? ഇവയിലേതെങ്കിലും ഒന്നില്‍ അല്പമെങ്കിലും ആശ ഒരാളിലുള്ളിടത്തോളം സ്വയം തിരിച്ചറിയുക താനൊരു ആത്മജ്ഞാനിയോ ബ്രഹ്മജ്ഞാനിയോ ആകാന്‍ അര്‍ഹനായിട്ടില്ലെന്ന്. വിഷയാസക്തികളില്‍നിന്ന് മുക്തനാകാത്തിടത്തോളം പ്രപഞ്ചമായയുടെ അതിര്‍വരമ്പിനുള്ളിലാണു താനെന്നറിയുക. അല്പമെങ്കിലും ഈ ആശ അവസാനനിമിഷം വലിച്ചെറിയുംവരെ മനസ്സ് തീരത്തെ ആഗ്രഹിക്കുന്ന തിരപോലെ പിന്‍വലിയുകയും കടന്നുവരികയും ചെയ്യും. ഇത് തിരയുടെ തീരത്തെ വശീകരിക്കാനുള്ള തന്ത്രം മാത്രമാണ്. കരയില്‍ പടരാനാഗ്രഹിക്കുന്ന കടലിലെ ജലനീതി മറ്റൊന്നാണ്. കടല്‍ജലം തന്നോടൊപ്പമുള്ള സകലതിനേയും പരിപൂര്‍ണ്ണമായി പരിത്യജിച്ച് പരിശുദ്ധമായ ജലം ബാഷ്പമായുയര്‍ന്ന് കാര്‍മുകിലായി കരയ്‌ക്കു ജീവാമൃതമായി സകല ചരാചരത്തിനും അമൃതായി പെയ്തിറങ്ങുമ്പോഴേ കടല്‍ കരയില്‍ ലയിക്കൂ. കര്‍മ്മ പൂരണശേഷം തിരിച്ചു കടലിലെത്തുന്ന ജലത്തിന്റെ ചാക്രിക ഭാവമെന്ന ഈ പ്രക്രിയതന്നെയാണ് സര്‍വസംഗപരിത്യാഗികളായി ബ്രഹ്മപഥം പൂകുന്ന ഓരോ യോഗിയുടേതും. ഈ ബ്രഹ്മജ്ഞാനി തന്റെ ചുറ്റുപാടുകളെ അനായാസം ഉള്‍ക്കൊണ്ട് തിരിച്ചറിയുന്നു. ഇത്തരത്തില്‍ ജ്ഞാനം സിദ്ധിച്ച ജ്ഞാനിയെ സംബന്ധിച്ച് വേദപുരാണോപനിഷത്തുകള്‍ എപ്രകാരമെന്നാല്‍
‘യാവാനര്‍ത്ഥ ഉദപാനേ
സര്‍വതഃ സംപ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനതഃ’
(ഭഗവത്ഗീത സാംഖ്യയോഗം,ശ്ലോകം 46)
എല്ലായിടവും ജലം പരന്നിരിക്കെ ചെറിയ ഉറവകളുടെ പ്രയോജനം മാത്രമേ ജ്ഞാനിക്ക് പുരാണങ്ങളുപകരിക്കൂ.
മായാധിഷ്ഠിത സര്‍വ ഐശ്വര്യോപാധികള്‍ ഒരുഭാഗത്തും, സദാനന്ദം മറുഭാഗത്തും വന്നാല്‍ ജ്ഞാനിക്കിഷ്ടം സദാനന്ദംതന്നെ. വിഷയാസക്തിയില്‍ അധിഷ്ഠിതമായ ഐശ്വര്യം ആഗ്രഹനിര്‍വൃതിയടയുന്നതോടെ മടുപ്പനുഭവപ്പെടും. വിശക്കുന്നവന്റെ അത്യാര്‍ത്തി വിശിഷ്ട ഭോജ്യത്തെപോലും വിശപ്പടങ്ങിയാല്‍ അതില്‍ മടുപ്പുണ്ടാകും, ആവര്‍ത്തിക്കും. ഇപ്രകാരം ആന്ദോളനമായി ഭോഗൈശ്വര്യം നിലകൊള്ളുമ്പോള്‍ ബ്രഹ്മാനന്ദം സ്ഥിരമായി ഋജുവായി നിലനില്‍ക്കും. ഇതുമനസിലാക്കിയ മുനി പ്രപഞ്ച മായാ ഐശ്വര്യം വെടിഞ്ഞ് ബ്രഹ്മപാതയെ (ഈശ്വരനെ)തേടിയുള്ള പ്രയാണം ആരംഭിക്കും. അതിനായി അലയുംതോറും കിട്ടുന്ന ആനന്ദം വിവരണാതീതമാകയാല്‍ ശീതോഷ്ണവും, ലാഭനഷ്ടവും, ജയപരാജയവും, സുഖദുഃഖങ്ങളും സമമായിമാറുന്നു. ഇപ്രകാരം ആനന്ദനിര്‍ഭരമായി എല്ലാം ത്യജിച്ചുള്ള യാത്രയില്‍ തന്റെ നിര്‍മ്മലബുദ്ധി (ആത്മാവ്) വഹിക്കുന്ന പഞ്ചഭൂതാത്മകമായ ശരീരത്തിന് ഊന്നല്‍നല്‍കാതെ ശക്തിസ്വരൂപനായി പരിപൂര്‍ണ്ണ നിര്‍മ്മലനായി ബ്രഹ്മലയനം നടത്തുംവരെയും ശരീരം സ്വയം ഈ തേജസ്സിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിമാറുന്നു. ഇത്തരം യോഗീശ്വരന്മാരെ ഹിമാലയസാനുക്കളില്‍ അസ്ഥിപഞ്ജരമായി കഴിയുന്നതു സുകൃതം ചെയ്ത ജന്മങ്ങള്‍ക്ക് ദര്‍ശിക്കാവുന്നതാണ്. പരബ്രഹ്മത്തില്‍ ലയിക്കാന്‍ തയ്യാറായ ഈ നിര്‍മലജ്ഞാനം മുകിലാകാന്‍ തയ്യാറായ ജലബാഷ്പംപൊലെ പരിശുദ്ധമാണ്. തന്റെ തേജസ്സായ സ്വരൂപത്തെ കാതങ്ങള്‍ക്കപ്പുറം പിന്‍ഗാമികളെ ഞൊടിയിടയില്‍ സന്ദര്‍ശനം നടത്തി വരുന്നയോഗികള്‍ മറ്റുള്ളവര്‍ക്കദൃശനായിരിക്കുന്ന അവസ്ഥയും സാധാരണമത്രേ! എന്നാല്‍ ഭൗതിക വാദിയിലും അവര്‍ തിരിച്ചറിയാതെ മറ്റുപല സവിശേഷ സിദ്ധികാണാം. അവയെ തരംതിരിച്ച് മനസിലാക്കാന്‍ ആരെങ്കിലും പ്രാപ്തനാക്കുംവരെ അവരും അന്ധതയില്‍ മൂടിക്കിടക്കും. അവരെ ഉത്തേജിപ്പിക്കുന്നതും ഇത്തരം യോഗികളത്രേ. ജ്ഞാനദൃഷ്ടി സിദ്ധിച്ച ഒരുബ്രഹ്മജ്ഞാനി തന്റെ ആത്മദര്‍ശനത്തിലൂടെ നേടിയെടുത്തതായ അറിവുകള്‍ തന്റെ അര്‍ഹരായ ശിഷ്യരിലേക്കു പകര്‍ന്ന പ്രപഞ്ച സത്യങ്ങളുടെ ചുവടുപിടിച്ചുയരാത്ത ഒരാധുനിക ശാസ്ത്രവും ഇന്നില്ല. ബ്രഹ്മജ്ഞാനിയായ ഋഷി തന്റെ തലത്തില്‍നിന്നുകൊണ്ട് ഒരോ ലോകതത്വത്തേയും വിശദമാക്കുമ്പോള്‍ ആ തലമേറാത്തവര്‍ക്ക് അതികഠിനമായി മാറും.
വേദ,ശാസ്ത്ര,പുരാണേതിഹാസങ്ങളെല്ലാം ഇത്തരത്തില്‍ പെട്ടവയത്രെ. മനുസ്മൃതിയിലേക്കിറങ്ങിയാലും ഇതുമനസിലാകും. രാവണന്‍ പുഷ്പകവിമാനത്തില്‍ യാത്രചെയ്തു എന്നുപറയുമ്പോള്‍ നമുക്കുണ്ടാകുന്ന അത്ഭുതം ഇന്നൊരാള്‍ ആകാശയാത്രചെയ്‌തെന്നു പറയുമ്പോള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇന്നുള്ളവരെല്ലാം വിമാനത്തെക്കുറിച്ച് പാണ്ഡിത്യമുള്ളവരുമല്ല. കാലംപോകെ തലമുറ ‘ദിനോസറു’പോലെ നശിച്ചു പുതുതലമുറവന്ന് ഒന്നേഎന്നു തുടങ്ങുമ്പോള്‍ വീണ്ടും ഈ അവസ്ഥ സംജാതമാകും. ഇന്നത്തെ ശാസ്ത്രമെല്ലാം അന്നുള്ളവര്‍ക്കു മനസിലാകാതെ കെട്ടുകഥയാകും. അപ്പോഴും ഈ പ്രപഞ്ചം ഇതേതത്വത്തില്‍ നീങ്ങി കൊണ്ടേയിരിക്കും.
ജ്ഞാനികളായ ഋഷിമാര്‍ ആരുംതന്നെ അളന്നുതൂക്കിയോ സര്‍വ്വകലാശാലാ ബിരുദം നേടിയോ അല്ല കാര്യങ്ങള്‍ ഗ്രഹിച്ചുതുടങ്ങുക. ഇന്നും അങ്ങനെ തന്നെ. അഗാധമായ അറിവുകളെല്ലാം കൃത്യതയോടെ തന്റെ മനോമുകുരത്തിലൂടെ നേരിട്ടുദര്‍ശിച്ച അവസ്ഥയിലാണ് പ്രതിപാദിക്കുന്നത്. ഈ അണ്ഡകടാഹത്തില്‍ സൂര്യന്‍ സ്വയംതിരിയുകയും അതിന്റേതായ ഒരു കേന്ദ്രത്തെ വലംവെയ്‌ക്കുകയും ചെയ്യുന്നു. ഒരുപ്രാവശ്യം സൂര്യന്‍ സ്വയംതിരിയാന്‍ 25.05 ദിവസമെടുക്കുന്നു. ഏന്നാല്‍ ക്ഷീരപഥത്തെ വലംവെയ്‌ക്കാന്‍ (സൂര്യന്റെ കേന്ദ്രത്തെ) 22.5 കോടിക്കും 25 കോടിവര്‍ഷത്തിനുമിടയില്‍ സമയമെടുക്കും. അപ്പോഴെല്ലാം സൂര്യന്റെ ഗ്രഹോപഗ്രഹങ്ങളെല്ലാം സൂര്യനെ വലം വെച്ചുകൊണ്ടേയിരിക്കും. നാം ധരിച്ചുവെച്ചത് സൂര്യനുചുറ്റും ഒരു ചരടില്‍ കെട്ടിചുഴറ്റുന്ന പന്തു കണക്കെ ഓരോ ഗ്രഹവും ചുറ്റുന്നുവെന്നാണ്. എന്നാല്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സൂര്യനുചുറ്റുമാണീ ഗ്രഹസഞ്ചാരമെന്നറിയണം.
അതായത് സഞ്ചരിക്കുന്ന സൂര്യപാതയില്‍ വലിച്ചുകെട്ടിയ ഒരു കമ്പിചുരുള്‍ പാതയായി സങ്കല്പിച്ച് ഓരോഗ്രഹവും സ്പ്രിംഗിന്റെ ചുറ്റുപോലെ സര്‍പ്പിളാകൃതിയില്‍ സഞ്ചരിച്ചു നീങ്ങും. അതിലും വലിയ അത്ഭുതം നമ്മുടെ ക്ഷീരപഥവും മറ്റൊരു കേന്ദ്രത്തെ ചുറ്റുന്നുണ്ട്. അപ്പോഴതിലെ മറ്റു സൂര്യന്മാരും(നക്ഷത്രം) ഗ്രഹംകണക്കേ ചുറ്റും. മാത്രമല്ല സൗരയൂഥകേന്ദ്രത്തിനെ അനേകം സൗരയൂഥം വീണ്ടും ചുറ്റും. ഇതൊരു പരമ്പരയായി തുടരും. ഇപ്രകാരമുള്ള ചുറ്റല്‍കാരണം ഒരിക്കല്‍ സഞ്ചരിച്ച പാതയില്‍ വീണ്ടും ഇവയൊന്നും അണ്ഡകടാഹ പാതയില്‍ ആവര്‍ത്തിച്ചു സഞ്ചരിക്കേണ്ടതായിവരില്ല. കാരണം ഇവ ഒന്നു മറ്റൊന്നിനെയെന്ന കണക്കേ ചുറ്റുകയും സഞ്ചരിക്കുകയുമാണെന്നറിയണം. ഇപ്രകാരമുള്ള സഞ്ചാരപഥമാകയാല്‍ ഇവയ്‌ക്ക് അതിര്‍വരമ്പ് നിശ്ചയിക്കുക സാധ്യമല്ലെന്നുമറിയണം. ഇവയെ ക്രോഡീകരിച്ച് ചിട്ടയായി ഒരു ബ്രഹ്മാണ്ഡരൂപീകരണം നടക്കുന്നു. ഈ തരത്തിലെ അനേകകോടി ബ്രഹ്മാണ്ഡം ഇതേ പ്രക്രിയക്കാധാരമാകുന്നത് മഹാനാരായണോപനിഷത്തില്‍ വിവരിക്കുന്നു. പതിനായിരംവര്‍ഷങ്ങള്‍ക്കു മുന്നേരചിച്ച ഈ അഥര്‍വവേദീയ പാരമ്പര്യത്തില്‍പ്പെട്ട ഉപനിഷത്താണിത്. ഇന്നുള്ള ശാസ്ത്രം പറയുംപോലെ പ്രപഞ്ചം നിരന്തരം വളരുന്നുവെന്ന സങ്കല്പം അണ്ഡകടാഹത്തെ ഉള്‍ക്കൊള്ളാത്തതിലുള്ള അപാകതയാണ്. അതുപോലെതന്നെയാണ് മഹാവിസ്‌ഫോടന സിദ്ധാന്തവും. എന്നാല്‍ ഈ ഭൂമിയും അതിലെ ചരാചരവ്യവസ്ഥയും എണ്ണത്തില്‍പോലും വരാത്ത അവസ്ഥയിലായിരിക്കുമ്പോഴും ബ്രഹ്മതേജസ് നമ്മില്‍ കുടികൊള്ളുന്നതു മൂലമാണ് ഈ ബ്രഹ്മാണ്ഡത്തെ നമുക്കു ഉള്‍ക്കൊള്ളാന്‍ സാധ്യമാകുക.
ഇവയൊന്നും ആരും തൂക്കികുറിച്ച് കൃത്യതവരുത്തിയവയൊ നേരില്‍ പോയികണ്ട് മനസിലാക്കിയതോ അല്ല. എല്ലാം തന്നുള്ളിലെ ആത്മാവും പരബ്രഹ്മവുമായുള്ള ഒരു അന്തര്‍ധാര മാത്രമാണെന്നറിയുക. ഇതിനെ വീണ്ടും ചിട്ടയായി പരിപോഷിപ്പിച്ചെടുക്കുന്ന ഋഷിമാരുടെ ജ്ഞാനത്തില്‍ ഈ അണ്ഡകടാഹം കരതലാമലകംപോലെ പ്രതിബിംബിക്കും. ഇതത്രേ ബ്രഹ്മജ്ഞാനം. അവരെ സംബന്ധിച്ചിടത്തോളം യാതൊന്നും അന്യമല്ല. മേല്‍പറഞ്ഞ സമ്പത്തോ, പേരോ, പ്രശസ്തിയോ യാതൊന്നും ഈ അറിവിന്റെ മുന്നില്‍ പ്രകാശിക്കില്ല. അവരുടെ അമൂല്യ സമ്പത്തത്രേ ഈ ജ്ഞാനം. ഇതൊരു ദീപംകണക്കെ തലമുറതോറും പ്രകാശം പരത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: