കോട്ടയം: സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സഹകരണ ബാങ്കുകള്‍ പൂട്ടിക്കുന്നതില്‍ വിദഗ്ധനാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകള്‍ കവര്‍ന്നെടുക്കാന്‍ പരിചിതനായ അദ്ദേഹം സഹകരണ മന്ത്രി കൂടിയായപ്പോള്‍ എല്ലാം പൂട്ടിക്കാനുള്ള ശ്രമം നടത്തുകയാണ്.
സിപിഎം അഴിമതി നടത്തിയിടത്തു മാത്രം സര്‍ക്കാര്‍ ധനസഹായം എന്നതില്‍ ഒരു ന്യായവുമില്ല. സഹകരണ പ്രസ്ഥാനത്തെ നയിക്കുന്ന മന്ത്രി കോട്ടയം ജില്ലയിലെ ഇളംങ്ങുളം ബാങ്കിന്റെയും റബ്കോയുടെയും തകര്‍ച്ചയ്‌ക്ക് കൂട്ടുനിന്ന ആളാണ്. ഇവര്‍ക്കെങ്ങനെ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനാകും.
ക്രമക്കേട് നടന്ന മുഴുവന്‍ ബാങ്കുകളുടെയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷേപകരുടെ പണം തിരിച്ചു ലഭിക്കാനുള്ള നടപടി സ്വീകരിക്കണം. സിപിഎം നേതാക്കള്‍ അഴിമതി നടത്തിയ കരുവന്നൂര്‍ ബാങ്കിനെ സംരക്ഷിക്കാന്‍ ഫണ്ട് സംഘടിപ്പിക്കാന്‍ താല്‍പര്യപ്പെടുന്ന സര്‍ക്കാര്‍ ഇതേ പോലെ അഴിമതിയില്‍പ്പെട്ട് തകര്‍ച്ചയിലായിരിക്കുന്ന മറ്റു ബാങ്കുകളുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം നടത്തുന്ന ഇ ഡിയെ സര്‍ക്കാര്‍ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം, മുന്നൂറു കോടി അടിച്ചുകൊണ്ട് പോകുന്നതാണോ മനുഷ്യത്വം. അഴിമതിക്കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ പിണറായി വിജയനും കുടുംബത്തിനും സെന്‍ട്രല്‍ ജയിലില്‍ ഒരു അപ്പാര്‍ട്ട്മെന്റ് തന്നെ വേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു. അത്തരത്തിലുള്ള കള്ളത്തരങ്ങളല്ലേ പുറത്തുവരുന്നത്. പിണറായി വിജയൻ രാജിവെച്ച് പോകേണ്ട സമയം കഴിഞ്ഞു.
പ്രവർത്തകരോട് അൽപമെങ്കിലും സ്നേഹമുണ്ടെങ്കിൽ സി.പി.എം ബന്ധം അവസാനിപ്പിക്കുകയാണ് കേരള കോൺഗ്രസ് എം ചെയ്യേണ്ടതെന്നും പി.സി. ജോർജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: