ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചരിത്രം രചിച്ച് ഭാരതം. നടപ്പു സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തിയെന്ന് (34,500 കോടി രൂപ) കണക്കുകള്‍ വ്യക്തമാക്കി. അമേരിക്കയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണി.
167 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഏകദേശം 13,900 കോടി രൂപ വരുമിത്. യു.എ.ഇയിലേക്കുള്ള കയറ്റുമതി പെട്രോളിയം ഉത്പന്നങ്ങളെ കടത്തിവെട്ടിയെന്ന പ്രത്യേകതയുമുണ്ട്. 25.7 ശതമാനം വര്‍ധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാര്‍ട്ട്‌ഫോണുകളാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്.
അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏപ്രില്‍-ജൂലൈയില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 489.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.കെ., ഇറ്റലി എന്നിവയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മറ്റ് വലിയ വിപണികള്‍. 2022-23-ല്‍ ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലൂടെ നേടിയ വരുമാനം 1,090 കോടി ഡോളറാണ് (90,000 കോടി രൂപ). ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയിലെ നിര്‍മ്മാണം വര്‍ദ്ധിപ്പിച്ചത് കയറ്റുമതി ഉയര്‍ച്ചയ്‌ക്ക് നേട്ടമായിട്ടുണ്ട്. ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീമും കരുത്ത് പകര്‍ന്നു.
















