തിരുവനന്തപുരം: ഏഷ്യൻഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അവഗണിക്കുകയും പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതിരിക്കുകയും ചെയ്യുന്ന കായിക മന്ത്രി വി.അബ്ദുറഹ്മാൻ രാജിവയ്‌ക്കണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചരിത്രനേട്ടം കൈവരിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്ക് മൂന്നുകോടിവരെ പ്രോത്സാഹന സമ്മാനവും ഗസറ്റഡ് റാങ്കിൽ ജോലിയും നൽകുമ്പോൾ കേരളത്തിൽ കായികതാരങ്ങളെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാൻ പോലും മന്ത്രി തയ്യാറാകുന്നില്ല. ഇത് കടുത്ത അവഗണനയാണ്. മികച്ച കായികതാരങ്ങളെല്ലാം അവഗണനയെ തുടർന്ന് കേരളം വിടുകയാണ്. ജോലിക്കായി സെക്രട്ടേറിയറ്റിന്റെ മുന്നിൽ മുടിമുറിക്കലും മുട്ടിലിഴയലും വരെ നടത്തിയിട്ടും കായികതാരങ്ങൾക്ക് ജോലി നൽകാൻ സംസ്ഥാനം തയ്യാറാകുന്നില്ല.
കേരളത്തിന്റെ അഭിമാനതാരങ്ങൾക്ക് അടിയന്തരമായി മറ്റ് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചതുപോലെ അർഹമായ പാരിതോഷികവും ജോലിയും നൽകണമെന്നും പ്രഫുൽകൃഷ്ണ ആവശ്യപ്പെട്ടു.
താരങ്ങൾക്ക് പത്തുവർഷമായി പരിശീലന കിറ്റുകൾ പോലും നൽകുന്നില്ല. ഏഴുമാസമായി വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഭക്ഷണത്തിനു പണം നൽകുന്നില്ല. വാർഡന്മാരും അധ്യാപകരും കടം വാങ്ങിയാണ് വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നത്. കഴിഞ്ഞ ദേശീയഗെയിംസിന്റെ ഫണ്ട് ഇതുവരെ കൊടുത്തിട്ടില്ല. താരങ്ങളുടെ യാത്രാക്കൂലിപോലും കൊടുത്തുതീർത്തിട്ടില്ല. സർക്കാരിന്റെ കൈവശം പണമില്ലെന്നാണ് പറയുന്നത്. കായികമന്ത്രി ഈ സമയം സ്വന്തക്കാരെ തിരുകിക്കയറ്റി കായിക സംഘടനകൾ ഉണ്ടാക്കുന്ന തിരക്കിലാണ്.
പണമുള്ളവൻ കളികണ്ടാൽ മതിയെന്ന് പറഞ്ഞയാളാണ് കായികമന്ത്രി. എന്തിനാണ് ഇവിടെയൊരു കായികവകുപ്പ്. കായികമേഖലയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത, നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മന്ത്രി രാജിവയ്‌ക്കണം.
കേന്ദ്രസർക്കാർ കായികരംഗത്തെ മികച്ച രീതിയിൽ പരിഗണിക്കുന്നു. ഏഷ്യൻ ഗെയിസിൽ രാജ്യത്തിനുണ്ടായ നേട്ടം പെട്ടെന്നുണ്ടായതല്ല. 220 കോടി വകയിരുത്തി കേന്ദ്രസർക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തി. 71 നാഷണൽ ക്യാമ്പുകൾ നടത്തി. 2100 കായികതാരങ്ങളെ പ്രത്യേകം പരിശീലിപ്പിച്ചു. കൃത്യമായ ഇടപെടലുകൾ നടത്തി. അതിന്റെ ഫലമാണ് ഏഷ്യൻഗെയിംസിലെ ഭാരതത്തിന്റെ കുതിച്ചുചാട്ടം.
ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മികച്ച രീതിയിലുള്ള പരിശീലനം നൽകിത്തുടങ്ങി. മികച്ച പരിശീലനത്തോടൊപ്പം കായികതാരങ്ങൾക്ക് പ്രതിമാസം 50,000 രൂപയും നൽകുന്നു. ഒളിമ്പിക്‌സ് പരിശീലനത്തിനായി 450 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും പ്രഫുൽകൃഷ്ണ കൂട്ടിച്ചേർത്തു.
















