പത്തനംതിട്ട: സഹകരണ മേഖലയില്‍ പണം നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നയം സഹകരണ മേഖലയെ തകര്‍ക്കും. ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന സഹകാരികളെ കാണാന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സമയം കണ്ടെത്തണം. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കരുവന്നൂരും മൈലപ്രയും കുറ്റൂരുമടക്കം സഹകരണ ബാങ്കുകളില്‍ സാധാരണക്കാരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ പണം തിരികെ നല്കാന് നടപടി സ്വീകരിക്കണം, സുരേന്ദ്രന് പറഞ്ഞു.
സിപിഎം നേതാവ് അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ 67 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപമില്ലെന്ന് വ്യാജ പ്രസ്താവന നടത്തിയ ബാങ്ക് ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. സഹകരണ മേഖലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്കുന്നു. ഇതിന്
യുഡിഎഫും കൂട്ടു നില്ക്കുന്നു. സഹകരണ മേഖലയിലെ അഴിമതിയെക്കുറിച്ച് നടക്കുന്ന അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
അഴിമതിക്കാരുടെ സൗഹൃദമാണ് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്. സഹകരണ മേഖലയെ സുതാര്യമാക്കാന്‍ ബിജെപി അദാലത്തുകള്‍ സംഘടിപ്പിക്കും. നവംബറില്‍ കോട്ടയത്ത് നിക്ഷേപകരുടെ സംഗമം നടത്തും. വിഷയത്തില്‍ ജി.സൂധാകരന് സത്യം തുറന്നു പറഞ്ഞത് ബിജെപി സ്വാഗതം ചെയ്യുന്നു. അത് മുഖവിലയ്ക്കെടുക്കാന്‍ സിപിഎം തയാറാകണം, സുരേന്ദ്രന് പറഞ്ഞു.
ആരോഗ്യ വകുപ്പിലെ അഴിമതികള്‍ മന്ത്രി വീണാ ജോര്‍ജിന്റെ അറിവോടെയാണ് നടക്കുന്നത്. വകുപ്പില്‍ നിയമനങ്ങള്‍ക്കും സ്ഥലംമാറ്റത്തിനുമടക്കം കൈക്കൂലി വ്യാപകമാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ. സൂരജ്, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി. തോമസ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിതിന്‍ ശിവ എന്നിവരും സംസ്ഥാന അധ്യക്ഷനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: