തിരുവനന്തപുരം: കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ ബംഗളൂരുവില്‍ പുതിയ ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങും. ശനിയാഴ്ച നടന്ന കമ്പനിയുടെ രജതജൂബിലി ആഘോഷത്തിലാണ് ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കൂടുതല്‍ ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
അമേരിക്കന്‍ യൂറോപ്യന്‍ വിപണികളില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ശക്തമായ സാന്നിധ്യമറിയിച്ച കമ്പനിക്ക് ഇന്ത്യ, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലായി മുന്നൂറിലധികം ജീവനക്കാരുണ്ട്. വാര്‍ഷിക വിറ്റുവരവ് 17 മില്യണ്‍ യു.എസ് ഡോളറാണ്.
ജര്‍മ്മനിയിലെയും യുഎസിലെയും ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനം നല്കുന്ന സ്ഥാപനമാണ് പല്‍നാറെന്ന് ആഘോഷത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ എച്ച്.ഇ അഹിം ബുര്‍ക്കാര്‍ട്ട് പറഞ്ഞു. കാല് നൂറ്റാണ്ടിന് മുമ്പ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ ഈ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനത്തെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സാപ് ഇന്ത്യയുടെ മനേജിംഗ് ഡയറക്ടര്‍ സിന്ധു ഗംഗാധരന് അഭിനന്ദിച്ചു.
ഐടി കമ്പനികള്‍ക്ക് കുതിച്ചുയരാന്‍ സാധിക്കുന്ന ശക്തമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും പല്‍നാറിന്റെ വളര്‍ച്ച ഇതിന് തെളിവാണെന്നും പല്‍നാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം നന്ദി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ആഭ്യന്തര ഐടി കമ്പനികളിലൊന്നായി മാറാന്‍ തങ്ങള്‍ക്ക് സാധിച്ചു. ടെക്നോപാര്‍ക്ക് മാനേജ്മെന്റ്, ഉപഭോക്താക്കള്‍, ജീവനക്കാരുടെയും കൂടുംബാംഗങ്ങളുടെയും പിന്തുണ എന്നിവ തങ്ങളെ പോലുള്ള കമ്പനികള്‍ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരുവിലെ പുതിയ വികസന കേന്ദ്രം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പല്‍നാറിന്റെ സ്ഥാപക ഡയറക്ടര്‍ ശ്രീജിത്ത് നാരായണ്‍ പറഞ്ഞു. ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒ ജി.വിജയ രാഘവന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക, ജിടെക് സെക്രട്ടറി ശ്രീകുമാര്‍, ടെക്നോപാര്‍ക്ക് തിരുവനന്തപുരം സിഇഒ കേണല്‍ സഞ്ജീവ് നായര്‍, ഇന്‍സൈഡേഴ്സ് ടെക്നോളജി ജര്‍മ്മനി മാനേജിങ് ഡയറക്ടര്‍ വെര്‍ണര്‍ വെയ്സ് എന്നിവര്‍ സംസാരിച്ചു.
1998 സെപ്റ്റംബര്‍ 16 ന് ടെക്നോപാര്‍ക്കിലെ പമ്പ ബ്ലോക്കില്‍ ഡോ. ഇബ്രാഹിമും ശ്രീജിത്തും ചേര്‍ന്ന് 650 യു.എസ് ഡോളറിന്റെ മൂലധനത്തിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ജര്‍മ്മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ വിപണിയായിരുന്നു ശ്രദ്ധ. ജര്‍മ്മനിയില്‍ നിന്ന് ആദ്യത്തെ ക്ലയന്റിനെ ലഭിക്കുകയും ഓഫീസിന്റെ വിസ്തീര്‍ണ്ണം 150 ചതുരശ്ര അടി കൂടി വര്‍ധിപ്പിക്കുകയും ചെയ്തു. 2019 ല്‍ ജര്‍മ്മന്‍ ഐടി കമ്പനിയായ ഐവര്‍ക്സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തതോടെ പല്‍നാര്‍ യൂറോപ്പിലെ കൂടുതല്‍ വിപണിയിലേക്ക് കടന്നു. രജതജൂബിലിയോട് അനുബന്ധിച്ച് വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ബ്രാന്‍ഡ് നെയിമായ ഐവര്‍ക്സ് എന്ന പേരിലായിരിക്കും ഇനി മുതല്‍ ഇന്ത്യയിലും യൂറോപ്പിലും പല്‍നാറിന്റെ പ്രവര്‍ത്തനം.
ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് ടവറുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് കമ്പനിയ്ക്ക് നിര്‍ണായകമായത്. ഓസ്ട്രിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളം നൂറുകണക്കിന് സോളാര്‍ ഇന്‍സ്റ്റലേഷനുകള്‍, എനര്‍ജി മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള സാങ്കേതികവിദ്യ നല്‍കുന്നത് പല്‍നാറാണ്. അമേരിക്കന്‍. യൂറോപ്യന്‍ വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുമ്പോഴും പ്രോഗ്രാമിംഗ് ജോലികള്‍ നടക്കുന്നത് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: