ആലപ്പുഴ: കരുവന്നൂര്‍ സഹകരണബാങ്കിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കരുവന്നൂര്‍ സഹകരണബാങ്ക് അഴിമതിയെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് ജി. സുധാകരന്‍ തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജി. സുധാകരന്റെ പരസ്യവിമര്‍ശനം ഉണ്ടായിരിക്കുന്നത്. ഇത് സിപിഎമ്മിന് മുഖത്തേറ്റ അടിയായി.
“കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് പൊതു സമൂഹത്തോട് പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞില്ല. ഏത് കൊലകൊമ്പനായാലും തെറ്റു ചെയ്താല്‍ നടപടിയെടുക്കണമായിരുന്നു. കുറ്റക്കാരുടെ സ്വത്ത് കണ്ട് കെട്ടണം.”- ജി. സുധാകരന്‍ പറഞ്ഞു.
ഇഡിയെ തടയാന്‍ കഴിയില്ല
“ബാങ്കിന്റെ ഇടപാടുകളില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നത് തടയാന്‍ കഴിയില്ല. ഇഡിയെ ഇക്കാര്യത്തില്‍ തടയാന്‍ കഴിയില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന്‍ ഇഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. “- ജി. സുധാകരന്‍ പറഞ്ഞു.
എളമരം കരിം കമ്മീഷനെതിരെയും സുധാകരന്‍ ആഞ്ഞടിച്ചു
ജി. സുധാകരന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ എളമരം കരിം കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയും ആദ്യമായി ജി. സുധാകരന്‍ ആഞ്ഞടിച്ചു. “ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. എന്നാല്‍ എളമരം കരിം റിപ്പോര്‍ട്ടില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് എഴുതിവെച്ചു. ഇതിന് പിന്നില്‍ ആരാണെന്ന കാര്യം താന്‍ വെളിപ്പെടുത്തും. “- ജി. സുധാകരന്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണബാങ്കില്‍ അഴിമതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വത്തില്‍ ഒരു സമിതി അന്വേഷിച്ചെങ്കിലും അഴിമതി മൂടിവെക്കുകയായിരുന്നു. ഇതേക്കുറിച്ചാണ് ജി. സുധാകരന്‍ തുറന്നടിച്ച് പറഞ്ഞത്. സിപിഎം നേതൃത്വത്തില്‍ കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും ആരൊക്കെയായിരുന്നു ഈ അന്വേഷണ സമിതിയില്‍ എന്ന കാര്യം പോലും സിപിഎം പുറത്തുമിണ്ടുന്നില്ല. പി.കെ. ബിജു ഈ അന്വേഷണസമിതിയില്‍ അംഗമായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ അനില്‍ അക്കര ആരോപിച്ചെങ്കിലും പി.കെ. ബിജു ഇക്കാര്യം നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: