ഒട്ടാവ: കാനഡയിലും അമേരിക്കയിലും ഹിന്ദു സ്വയംസേവക് സംഘത്തെ നിരോധിക്കാന്‍ നീക്കമെന്ന തരത്തില്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ തിരിച്ചടിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്ന സംഘടന ഉന്നയിക്കുന്ന ആരോപണങ്ങളാണ് ചില മാധ്യമങ്ങള്‍ സര്‍ക്കാര്‍ നടപടികളെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് കാനഡ കേന്ദ്രമാക്കിയ ഭാരതീയര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രചാരണം തിരിച്ചടിച്ചതോടെ പാര്‍ലമെന്റില്‍ നവംബറില്‍ നടക്കുന്ന ദീപാവലി ആഘോഷങ്ങളില്‍ ഹിന്ദുസ്വയംസേവക് സംഘ് അടക്കമുള്ള സംഘടനകളെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത് കാനഡയിലെ ഹിന്ദുസമാജത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് എച്ച്എസ്എസ് അഭിപ്രായപ്പെട്ടു.
ജസ്റ്റിന് ട്രൂഡോ നയിക്കുന്ന സര്‍ക്കാര്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടിയുടെ പിന്തുണയോടെയാണ് നിലനില്‍ക്കുന്നത്. അവരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനുള്ള അടവുനയത്തിന്റെ ഭാഗമായാണ് ട്രൂഡോ ഭാരതത്തിനെതിരായ നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ പ്രധാനപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ട്രൂഡോയെ ചോദ്യം ചെയ്തതോടെ വിഷയത്തില്‍ കാനഡ സര്‍ക്കാരിന്റെ തനിനിറം പുറത്തുവന്നു. ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കാനഡ സര്‍ക്കാരിനുമെതിരെ ഭാരതം നിലപാട് കടുപ്പിച്ചതോടെ ഒറ്റപ്പെട്ട നിലയിലാണ് ജസ്റ്റിന് ട്രൂഡോ.
അതേസമയം കാനഡയിലെ ജനസംഖ്യയില്‍ ഏതാണ്ട് ഒരുപോലെ നില്ക്കുന്ന ഹിന്ദു-സിഖ് വിഭാഗങ്ങളെ അകറ്റാനുള്ള ഖാലിസ്ഥാന്‍ വാദികളുടെ പരിശ്രമവും പാളി. ഹിന്ദുസ്വയംസേവക് സംഘിന്റെ പ്രവര്‍ത്തനം സിഖ് സമൂഹത്തിലും വ്യാപകമാവുന്നുവെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. സിഖ് വിഭാഗത്തിലെ ആചാര്യന്മാരടക്കമുള്ള പ്രമുഖര്‍ എച്ച്എസ്എസ് ശാഖകള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ എച്ച്എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദു സിഖ് യൂണിറ്റി ഫോറം എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: