കാസര്‍കോട്: സ്കൂട്ടറില്‍ പിറകില്‍ മൂന്ന് പേരെ ഇരുത്തി സവാരി, ഒപ്പം മൊബൈല്‍ ഫോണില്‍ നാലാമതൊരാളോട് സംസാരിച്ച് ഡ്രൈവിങും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച യുവാവിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ കണ്ടെത്തി എംവിഡി പിഴയീടാക്കിയത്. കൂടാതെ ഡ്രൈവിങ് ലൈസന്‍സും സസ്പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിച്ചു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 29ന് വൈകിട്ട് സീതാംഗോളിയിലാണ് സംഭവം. പിന്നിലെ കാറില്‍ വരികയായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൂര്‍ണ വിവരങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് മെസന്‍ജറിലേക്ക് അയച്ച് നടപടി ആവശ്യപ്പെട്ടത്. വൈകാതെ കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്തിറങ്ങുകയും എഎംവിഐ ജയരാജ് തിലക് വാഹനം ഓടിച്ച യുവാവിനെ കണ്ടെത്തി യാത്രകള്‍ സുരക്ഷിതമാക്കാന്‍ താക്കീത് നല്കി പിഴയീടാക്കി.
അപകടകരമായ രീതിയില്‍ സ്കൂട്ടര്‍ ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളും എംവിഡി പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് യുവതികളും ഒരു യുവാവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: