കണ്ണൂര്‍: സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിക്കെതിരെയുളള പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. മുഴക്കുന്നിലെ പാര്‍ട്ടിയിലെ ഒരു വിഭാഗവും ആകാശിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ആകാശിനെ നിരന്തരമായി വേട്ടയാടുകയാണെന്നാരോപിച്ച് പോലീസിനെതിരെ രംഗത്തുവന്നത്. പോലീസിനെതിരായ പുറപ്പാട് ഒരു തരത്തില്‍ ആഭ്യന്തര മന്ത്രിയായ പിണറായി വിജയനെതിരേയുള്ള പ്രതിഷേധം കൂടിയാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.
പ്രതിഷേധം പ്രാദേശിക നേതൃത്വത്തെയും ജില്ലാ നേതാക്കളെയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ പാര്‍ട്ടിവിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം മുഴക്കുന്നിലെ ഒരു സംഘം പ്രാദേശിക സിപിഎമ്മുകാര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. പോലീസ് വേട്ട തുടര്‍ന്നാല്‍ പാര്‍ട്ടിയുമായുളള സകല ബന്ധവും ഒഴിവാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന രോഷം സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ മാസം വീട്ടിലെ സ്വകാര്യ ചടങ്ങിനിടെയാണ് ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ സദ്യയ്ക്കിടെ ആകാശിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇവര്‍ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ താല്‍ക്കാലികമായി മണിക്കൂറുകള്‍ മാത്രം ആകാശിനെ വിട്ടയച്ചുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്ത ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലാണ് ഏറ്റവും ഒടുവില്‍ ആകാശിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുളളത്.
മട്ടന്നൂരിലെ ഡിവൈഎഫ്ഐ വനിതാനേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനും ആകാശിനും കൂട്ടാളി ജിജോ തില്ലങ്കേരിക്കുമെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ആകാശ് തില്ലങ്കേരിയുമായി പാര്‍ട്ടി നേതൃത്വം ഇടയുന്നത്. തുടര്‍ന്ന് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി ആകാശ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതോടെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കായി എന്തും ചെയ്യാന്‍ തയ്യാറായ ആകാശിനെ നേതൃത്വം വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശത്തെ ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫെയ്സ്ബുക്കില്‍ പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണമുന്നയിച്ചത് ആകാശിനെ പാര്‍ട്ടിയുടെ കണ്ണിലെ കരടാക്കി.
നേരത്തെ ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞുകൊണ്ടു മുഴക്കുന്നില്‍ സിപിഎം ലോക്കല്‍ കമ്മറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. പാര്‍ട്ടി നേതാക്കളായ പി. ജയരാജന്, എം.വി. ജയരാജന് തുടങ്ങിയ നേതാക്കള്‍ ഈ പൊതുയോഗത്തില്‍ ആകാശ് തില്ലങ്കേരിയെയും സൈബര്‍ പോരാളികളെയും പരസ്യമായി തളളിപറഞ്ഞിരുന്നു. ഇതിനുശേഷമാണ് പോലീസിനെ ഉപയോഗിച്ച് ആകാശിനെതിരെയുളള നിയമനടപടികള്‍ ശക്തമാക്കിയത്. ആകാശ് തില്ലങ്കേരിക്ക് അനുകൂലമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളെ വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: