ഭാരതത്തിന്റെ പൈതൃകത്തിന്റെയും അത്യാധുനിക സൗകര്യങ്ങളുടെയും ആതിഥ്യമര്യാദയുടെയും സംഗമകേന്ദ്രമായി മാറുകയാണ് ദല്‍ഹി പ്രഗതി മൈതാനിയിലെ ‘ഭാരത് മണ്ഡപ’വും ദ്വാരകയിലെ ‘യശോഭൂമി’യും. ഏറ്റവും മികച്ചസൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന നവഭാരതത്തിന്റെ അഭിലാഷങ്ങളാണ് ഈ അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ പ്രതിഫലിക്കുന്നത്.
ജി-20 ഉച്ചകോടിക്ക് വേദിയായതോടെയാണ് ഭാരത് മണ്ഡപം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനെക്കാള്‍ ഒരുപടി മുന്നിലാണ് ഒന്നാംഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കി രാഷ്‌ട്രത്തിന് സമര്‍പ്പിക്കപ്പെട്ട യശോഭൂമി. വലിപ്പം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഭാരതത്തിലെ തന്നെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററാണിത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ അന്താരാഷ്‌ട്രതലത്തില്‍ നിരവധി സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും വേദിയാകാന്‍ ഉതകുന്ന തരത്തിലാണ് ഇവ രണ്ടും പണികഴിപ്പിച്ചിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഭാരത് മണ്ഡപവും യശോഭൂമിയും സമ്മാനിക്കുന്നത്. രണ്ടും പേരുപോലെ വിസ്മയപ്പെടുത്തുകയാണ്.
ഭാരത് മണ്ഡപത്തിലേക്ക്…
യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിന് രാജ്യത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടാണ് പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) എന്ന ആശയത്തിലേക്ക് നയിച്ചത്. ഏകദേശം 2700 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പുതിയ സൗകര്യങ്ങള്‍ക്കൊപ്പം പഴയതും കാലഹരണപ്പെട്ടതുമായ സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തു. ഏകദേശം 123 ഏക്കര്‍ വിസ്തൃതിയിലാണ് ഐഇസിസി നിലകൊള്ളുന്നത്. ദേശീയവും അന്തര്‍ദേശീയവുമായ സമ്മേളനങ്ങള്‍, യോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്‌ക്ക് ഇവിടെ വേദി ഒരുങ്ങും. കണ്‍വെന്‍ഷന്‍ സെന്റര്‍, പ്രദര്‍ശന ഹാളുകള്‍, ആംഫി തിയേറ്റര്‍ എന്നിവിടങ്ങളിലായി ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഭഗവാന്‍ ബസവേശ്വരയുടെ ‘അനുഭവ മണ്ഡപ’ത്തില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് ഐഇസിസിയിലെ പ്രധാനകെട്ടിടത്തിന് ‘ഭാരത് മണ്ഡപം’ എന്ന പേര് നല്‍കിയത്.
സംവാദത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പാരമ്പര്യത്തെയാണ് ‘അനുഭവ് മണ്ഡപം’ പ്രതിനിധീകരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നമ്മുടെ ജനാധിപത്യത്തിന് ഭാരതീയരായ നമ്മള്‍ നല്‍കിയ മനോഹരമായ സമ്മാനമെന്നാണ് ഭാരത് മണ്ഡപത്തെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. മഹത്തായ വാസ്തുവിദ്യാ വിസ്മയമെന്ന് ഭാരത് മണ്ഡപത്തെ വിശേഷിപ്പിക്കാം. വിവിധ ഹാളുകളിലായി ഏഴായിരം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ആസ്‌ത്രേലിയയിലെ പ്രശസ്തമായ സിഡ്‌നി ഓപ്പറ ഹൗസിന്റെ ഇരിപ്പിടശേഷിയേക്കാള്‍ കൂടുതലാണിത്. അതിമനോഹരമായ ആംഫി തിയേറ്ററില്‍ 3,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്.
ശംഖിന്റെ ആകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് കെട്ടിടത്തിന്റെ മാതൃക. പ്രവേശനകവാടവും ചുമരുകളുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാലും മറ്റു കലാസൃഷ്ടികളാലും അലങ്കരിച്ചിരിക്കുന്നു. സൗരോര്‍ജ്ജം ശേഖരിക്കുന്നതിലെ പരിശ്രമം ഉയര്‍ത്തിക്കാട്ടുന്ന സൂര്യശക്തി, പൂജ്യത്തിന്റെ കണ്ടുപിടിത്തം മുതല്‍ ഐഎസ്ആര്‍ഒ വരെയുള്ള നേട്ടങ്ങള്‍, ആകാശം- വായു- അഗ്‌നി- ജലം- ഭൂമി എന്നിങ്ങനെ പ്രപഞ്ചത്തിന്റെ അടിസ്ഥാനശിലകളായ പഞ്ചഭൂതങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പരമ്പരാഗത കലയുടെയും സംസ്‌കാരത്തിന്റെയും നിരവധി ഘടകങ്ങളെ ചിത്രീകരിക്കുന്നു. ആധുനിക എഞ്ചിനീയറിങ്ങിന്റെയും വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ നിര്‍മാണം. കൃത്രിമ തടാകങ്ങള്‍, അരുവികള്‍ തുടങ്ങിയവ പ്രദേശത്തിന്റെ ശാന്തതയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. സംഗീതം പൊഴിക്കുന്ന ജലധാരകള്‍ കണ്ണിനും കാതിനും കുളിര്‍മയേകുന്നു.
ഫൈവ് ജി ഇന്റര്‍നെറ്റ് വൈ-ഫൈ കവര്‍ ചെയ്ത കാമ്പസ്, 10 ജി ഇന്‍ട്രാനെറ്റ് കണക്റ്റിവിറ്റി, 16 വ്യത്യസ്ത ഭാഷകളെ പിന്തുണയ്‌ക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യ സജ്ജീകരിച്ച വ്യാഖ്യാതാവ് മുറി, ഒപ്റ്റിമല്‍ പ്രവര്‍ത്തനക്ഷമതയും ഊര്‍ജ്ജ കാര്യക്ഷമതയും ഉറപ്പാക്കുന്ന കെട്ടിട പരിപാലന സംവിധാനം, ഡിമ്മിങ്ങും ഒക്യുപെന്‍സി സെന്‍സറുകളോടും കൂടിയ വെളിച്ച പരിപാലന സംവിധാനം, അത്യന്താധുനിക ഡാറ്റാ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സംവിധാനം, സംയോജിത നിരീക്ഷണ സംവിധാനം, ഊര്‍ജ്ജ-കാര്യക്ഷമമായ കേന്ദ്രീകൃത എയര്‍ കണ്ടീഷനിങ് സംവിധാനം എന്നിവയെല്ലാം ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്.
ഏറ്റവും വലിയ നടരാജ ശില്‍പ്പം
ഐഇസിസി സമുച്ചയത്തില്‍ ഏഴ് പ്രദര്‍ശന ഹാളുകള്‍ ഉണ്ട്, ഓരോന്നും പ്രദര്‍ശന, വ്യാപാര മേളകള്‍, ബിസിനസ്സ് ഇവന്റുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള വിവിധോദ്ദേശയുക്ത ഇടങ്ങളായി വര്‍ത്തിക്കുന്നു. 5,500 ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. സിഗ്‌നല്‍ രഹിത റോഡുകളിലൂടെയുള്ള സുഗമമായ പ്രവേശനത്തിലൂടെ സന്ദര്‍ശകര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ വേദിയിലെത്താന്‍ കഴിയും.
ജി-20 ഉച്ചകോടിക്കെത്തിയ അതിഥികള്‍ക്ക് സ്വാഗതമോതിയത് ഭാരത് മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ച 28 അടി ഉയരമുള്ള നടരാജ ശില്‍പ്പമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നടരാജ ശില്‍പ്പമാണിത്. വെങ്കല ശില്‍പങ്ങള്‍ക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ പട്ടണത്തില്‍ നിന്നുള്ള അഷ്ട ധാതുക്കള്‍ കൊണ്ടാണ് ശില്‍പ്പം നിര്‍മിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്ടാണ് ചോള കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന രൂപത്തിലുള്ള നടരാജശില്‍പ്പം രൂപകല്‍പ്പന ചെയ്തത്. 19 ടണ്‍ ഭാരമുള്ള ശില്‍പ്പത്തിനുമാത്രം 22 അടി ഉയരമുണ്ട്. ആറ് അടി ഉയരമുള്ള പീഠം കൂടി കൂട്ടിച്ചേര്‍ക്ക പ്പെട്ടപ്പോള്‍ ആകെ 28 അടിയായി.
തമിഴ്നാട്ടിലെ പ്രശസ്ത ശില്‍പ്പിയായിരുന്ന ദേവസേനാപതി സ്ഥപതിയുടെ മക്കളും തഞ്ചാവൂര്‍ സ്വാമിമലയിലെ ശ്രീ ദേവസേനാപതി ശില്‍പശാലയുടെ നടത്തിപ്പുകാരുമായ ശ്രീകണ്ഠ സ്ഥപതി, സഹോദരങ്ങളായ രാധാകൃഷ്ണ സ്ഥപതി, സ്വാമിനാഥ സ്ഥപതി എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പം നിര്‍മിച്ചത്. ശില്‍പികളായ സദാശിവം, ഗൗരിശങ്കര്‍, സന്തോഷ് കുമാര്‍, രാഘവന്‍ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളായി. റോഡുമാര്‍ഗ്ഗം ദല്‍ഹിയില്‍ എത്തിച്ച ശില്‍പ്പത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയാണ് ഭാരത് മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ചത്.
ദ്വാരകയിലെ യശോഭൂമി
ദ്വാരകയിലെ യശോഭൂമി ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്ററാണ്. 8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം വരുന്ന പദ്ധതി മേഖലയില്‍, 1.8 ലക്ഷം ചതുരശ്രമീറ്ററിലധികം വരുന്ന പ്രദേശത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 5400 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. കണ്‍വെന്‍ഷന്‍ സെന്റര്‍, ഒന്നിലധികം എക്സിബിഷന്‍ ഹാളുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ട്. 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാന ഓഡിറ്റോറിയം, ഗ്രാന്‍ഡ് ബോള്‍റൂം, 11,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 13 ഹാളുകള്‍ എന്നിവയുള്‍പ്പെടെ 15 സമ്മേളനഹാളുകള്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ എല്‍ഇഡി മീഡിയ സംവിധാനമാണ് കണ്‍വെന്‍ഷന്‍ സെന്ററിലുള്ളത്.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്ലീനറി ഹാളാണ് പ്രധാന ഓഡിറ്റോറിയം. ഇവിടെ ഏകദേശം ആറായിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഓഡിറ്റോറിയത്തില്‍ ഏറ്റവും നൂതനമായ യാന്ത്രിക ഇരിപ്പിട സംവിധാനങ്ങളാണുള്ളത്. ഓഡിറ്റോറിയത്തിന്റെ ഉപയോഗ ശൈലിയില്‍ മാറ്റം വരുത്തിന്നതിനൊപ്പം ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിലും മാറ്റം വരുത്താമെന്ന പ്രത്യേകതയുമുണ്ട്. മരംകൊണ്ടുള്ള പ്രതലവും ശബ്ദക്രമീകൃത ചുവര്‍പാനലുകളും ഓഡിറ്റോറിയത്തില്‍ ലോകോത്തര അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഇതളുകള്‍ പോലെ മേല്‍ക്കൂരയുള്ള ഗ്രാന്‍ഡ് ബോള്‍റൂമിന് ഏകദേശം 2500 പേരെ ഉള്‍ക്കൊള്ളാനാകും. 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിപുലമായ മേല്‍ക്കൂരയില്ലാത്ത തുറന്ന ഹാളും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചിട്ടുള്ള 13 ഹാളുകള്‍ വിവിധ തരത്തിലുള്ള ചെറുതും വലുതുമായ യോഗങ്ങള്‍ നടത്താന്‍ വിഭാവനം ചെയ്തവയാണ്.
ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശന ഹാളുകളിലൊന്നാണ് ‘യശോഭൂമി’യിലുള്ളത്. 1.07 ലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഹാളുകള്‍, പ്രദര്‍ശനങ്ങള്‍ക്കും വ്യാപാര മേളകള്‍ക്കും വ്യാവസായി സംഗമങ്ങള്‍ക്കും ഉപയോഗിക്കാം. ചെമ്പ് പാകിയ മേല്‍ക്കൂര കൊണ്ട് സവിശേഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വലിയ വരാന്തയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ മീഡിയ മുറികള്‍, വിവിഐപി ലോഞ്ചുകള്‍, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, സന്ദര്‍ശക വിവര കേന്ദ്രം, ടിക്കറ്റ് നല്‍കല്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉണ്ടാകും.
രംഗോലി മാതൃകകള്‍ പ്രതിനിധാനം ചെയ്യുന്ന പിച്ചള കൊത്തുപണികള്‍, ശബ്ദം ആഗിരണം ചെയ്യുന്ന ലോഹ സിലിണ്ടറുകള്‍, പ്രകാശം പരത്തുന്ന ഭിത്തികള്‍ എന്നിവയുള്‍പ്പെടെ, ടെറാസോ പ്രതലങ്ങളുടെ രൂപത്തില്‍ ഭാരത സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്തുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നൂറുശതമാനം മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, സൗര പാനലുകള്‍ എന്നിവയുള്ള അത്യാധുനിക മലിനജല സംസ്‌കരണ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതിനാല്‍ സുസ്ഥിരതയ്‌ക്കുള്ള ശക്തമായ പ്രതിബദ്ധതയും യശോഭൂമി പ്രകടമാക്കുന്നു. ഈ സമുച്ചയത്തിന് സിഐഐയുടെ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലില്‍ നിന്ന് ഗ്രീന്‍ സിറ്റി പ്ലാറ്റിനം അംഗീകാരവും ലഭിച്ചു. പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ചെയ്തതോടെ ദല്‍ഹിയില്‍ നിന്ന് യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെയുള്ള യാത്രയ്‌ക്ക് ഏകദേശം 21 മിനിറ്റാണു വേണ്ടിവരിക.
വിനോദ സഞ്ചാരികളെ ഇതിലേ…
പ്രഗതി മൈതാനിലെ ഭാരത് മണ്ഡപവും യശോഭൂമിയും ഭാരതത്തെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും. സാമ്പത്തിക വളര്‍ച്ചയിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്ന വ്യാപാരവും വാണിജ്യവും വര്‍ദ്ധിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കും. ദേശീയ അന്തര്‍ദ്ദേശീയ വേദികളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി നല്‍കിക്കൊണ്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ ഇത് പിന്തുണയ്‌ക്കും. അറിവുകളുടെ കൈമാറ്റം സുഗമമാക്കുകയും മികച്ച രീതികള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, വ്യവസായ പ്രവണതകള്‍ എന്നിവയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സ്വാശ്രയ ഭാരത മനോഭാവത്തിന് സാമ്പത്തികവും സാങ്കേതികവുമായ മികവ് കൈവരിക്കാനുള്ള ഭാരതത്തിന്റെ പരിശ്രമത്തെ ദൃഷ്ടാന്തീകരിക്കുകയും ഒരു നവഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്‌പ്പാകുകയും ചെയ്യും.
മാറുന്ന കാലത്തിനനുസരിച്ച് വികസനത്തിന്റെയും തൊഴിലിന്റെയും പുതിയ മേഖലകള്‍ ഉയര്‍ന്നുവരികയാണ്. വിനോദസഞ്ചാര മേഖലയിലേക്ക് ഭാരതത്തിന് വലിയ സാധ്യതകളാണ് ഇവ രണ്ടും നല്‍കുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 32,000 ത്തിലധികം വലിയ പ്രദര്‍ശനങ്ങളും വിപണനമേളകളും സംഘടിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇത്രയും വലിയ വ്യവസായത്തില്‍ ഭാരതത്തിന്റെ പങ്ക് ഏകദേശം ഒരു ശതമാനം മാത്രമാണ്. ഭാരതത്തിലെ നിരവധി വന്‍കിട കമ്പനികള്‍ തങ്ങളുടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ വര്‍ഷവും വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യത്തിനും ഇതോടെ അവസാനമാകും.
ലോകമെമ്പാടുനിന്നുമുള്ള പ്രദര്‍ശന-വ്യാപാരമേളകള്‍ക്കും അന്താരാഷ്‌ട്ര സമ്മേളനങ്ങള്‍ക്കും ഭാരത് മണ്ഡപവും യശോഭൂമിയും വേദിയാകും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കലാകാരന്മാരുടെയും അഭിനേതാക്കളുടെയും പ്രകടനത്തിന് സാക്ഷിയാകുന്നതിനും, കരകൗശല വിദഗ്ധരുടെ പ്രയത്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദികളാകും. ആത്മനിര്‍ഭര്‍ ഭാരതിന്റെയും വോക്കല്‍ ഫോര്‍ ലോക്കലിന്റെയും പ്രതിഫലനമാകും. സമ്പദ്‌വ്യവസ്ഥ മുതല്‍ പരിസ്ഥിതിവരെ, വ്യാപാരം മുതല്‍ സാങ്കേതികവിദ്യ വരെയുള്ള എല്ലാ മേഖലകളുടെയും വേദിയായി ഉയര്‍ന്നുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: