കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്ത്തകന് കക്കട്ടിലെ അമ്പലക്കുളങ്ങര കെ.പി. രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ സെഷന്‍സ് കോടതി ശിക്ഷിച്ച ബിജെപി പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു. എ.സി. പവിത്രന് (50), അനില്‍കുമാര്‍ (48), പി.വി. അശോകന് (63), ഫല്ഗുണന് (48), കെ.പി. രഘു (47), സനല്‍ പ്രസാദ് (45), പി.കെ. ദിനേശന് (48), ശശി (50) സുനി (49) എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍, ജസ്റ്റിസ് പി.ജി. അജിത്ത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് റദ്ദാക്കിയത്.
സിപിഎം പ്രവര്‍ത്തകനായ കെ.പി. രവീന്ദ്രനെ ജയിലിനകത്തെ ശിക്ഷാതടവുകാരായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രോ
സിക്യൂഷന് പ്രതികള്‍ക്കെതിരെയുള്ള കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കണ്ടാണ് ശിക്ഷ റദ്ദാക്കിയത്.
1994 ല്‍ നാദാപുരം അമ്പലക്കുളങ്ങരയിലെ ആര്‍എസ്എസ് കുന്നുമ്മല്‍ ഖണ്ഡ് കാര്യവാഹ് എം.പി. കുമാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിച്ച് വരികയായിരുന്നു രവീന്ദ്രന്.
തലശേരി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് വിധി. വെറുതെവിട്ട പ്രതികളില്‍ പവിത്രന്, അനില്‍കുമാര്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. 2004 ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ പി. വിജയഭാനു, എസ്. രാജീവ്, അര്ജുന് ശ്രീധര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: