ജ്ഞാനവാസിഷ്ഠത്തിലൂടെ
ശ്രീരാമചന്ദ്രന്റെ ചോദ്യം കേട്ടു വസിഷ്ഠന് പിന്നെയും പറഞ്ഞു, ‘കേള്‍ക്കനീ, സംസാരത്തെ കടക്കുന്നതിനുള്ള യുക്തിയെ ഞാന്‍ യോഗമെന്നു പറഞ്ഞീടുന്നു. ഉന്നതമായ് ആത്മജ്ഞാനം, പ്രാണസംയമമെന്നു യുക്തികളായതിനു രണ്ടുണ്ടെന്നറിക നീ. രണ്ടു യുക്തികളും ഈ യോഗമെന്നുള്ള ശബ്ദംകൊണ്ട് പറയപ്പെടുന്നുണ്ടെന്നു വന്നീടിലും പ്രാണബന്ധനത്തിനു യോഗമെന്നുള്ള ശബ്ദം ഏറ്റവും നന്നായിച്ചേരുന്നതാണ്. ചിലര്‍ക്കൊക്കെയും യോഗം ഏറ്റവും അസ്സാദ്ധ്യമാണ്. ചിലര്‍ക്ക് ജ്ഞാനനിശ്ചയം അസ്സാദ്ധ്യമാണ്. പുരനാശനനായ, പരമേശ്വരനായ ദേവന് അരുള്‍ചെയ്തതാണ് ഇവ രണ്ടും. ഞാന്‍ മുമ്പേതന്നെ ജ്ഞാനത്തെപ്പറഞ്ഞു. കല്യാണസിന്ധോ! യോഗക്രമത്തെ ഇനി കേട്ടുകൊള്‍ക. മനക്കാമ്പില് അത്യന്തം ആനന്ദം വളര്‍ത്തുന്ന അത്യുത്തമമായ വൃത്താന്തം ഞാനൊന്നു പറയാം.
ഭൂസുണ്ഡന്റെ കഥ
ഞാന്‍ പണ്ട് ഒരുകാലത്ത് സുരലോകത്തുചെന്നു. അവിടെ ഞാന്‍ പുരുഹൂതസ്ഥാനത്തു താമസിച്ചു. നാരദാദികള്‍ ചിരംജീവികളാകുന്ന മഹാന്മാരുടെ കഥകളെ പറയുന്നത് ഞാനപ്പോള്‍ കേട്ടു. പ്രശസ്തരായ അവരേറ്റം ഉല്‍സാഹമാര്‍ന്നു നല്ല കഥകളെ പറയുന്നകൂട്ടത്തില്‍ ശതാതപന്‍ എന്ന പേരുള്ള ഒരു മുനീശ്വരന്‍ ഉള്ളില്‍ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു- മേരുപര്‍വതത്തിന്റെ ഈശാനകോണിലുള്ള നല്ല പത്മരാഗശോഭചേരുന്ന വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു നല്ല കൊടുമുടിയിങ്കല്‍ നല്ല കാന്തിയോടെ ഒരു കല്പദ്രുമം നില്‍ക്കുന്നുണ്ട്. വളരെ പൊക്കമുള്ള ആ കല്പവൃക്ഷത്തിന്റെ തെക്കേ കൊമ്പിങ്കലുള്ള നല്ലോരു കൂട്ടില്‍ വീതരാഗനായി ഭൂസുണ്ഡന്‍ എന്ന പേരുള്ള ഒരു മഹാശയനായ കാക്ക ബ്രഹ്മാവെന്നതുപോലെ വാഴുന്നു. ‘ഭുവനങ്ങളിലൊക്കെ സുഖമായി വിഹരിക്കുന്നവന്‍’ എന്നാകുന്നു ആ നാമധേയത്തിനര്‍ത്ഥം. നിര്‍മ്മായമായി ചിരകാലമായി ജീവിക്കുന്ന മഹാനായ ഭൂസുണ്ഡാഖ്യനായ കാകനുതുല്യമായി ദേവലോകത്തും ഒരു ചിരഞ്ജീവിയുണ്ടായിട്ടില്ല, രണ്ടില്ല പക്ഷം, മേലാലുണ്ടാകുന്നതുമില്ല. ആയവന്‍തന്നെയാണു ദീര്‍ഘായുസ്സുള്ളവന്‍, ആയവന്‍തന്നെയാണു നിഷ്ക്കാമനായുള്ളവന്‍. ശ്രീമാനായീടുന്നതും ധീമാനായീടുന്നതും അവന്‍തന്നെ. ശാന്തനും വിശ്രാന്തനും അവന്‍തന്നെ, കാന്തനായവനും കാലകോവിദനും അവന്‍തന്നെ. പ്രശസ്തനായ ഭൂസുണ്ഡന്റെ സല്‍ഗുണങ്ങളെക്കേള്‍ക്കാന്‍ കൗതുകത്തോടെ അവരെല്ലാമിരുന്നു. ചോദിച്ചീടുകമൂലം ആ ദേവസദസ്സില്‍വെച്ച് അദ്ദേഹത്തിന്റെ ഗുണങ്ങളെ സത്യമായി വീണ്ടും പറഞ്ഞു. പിന്നെ സഭ പിരിഞ്ഞ് ഏവരും സ്വന്തം മന്ദിരങ്ങളെ നോക്കി സാദരം പോയശേഷം ചെന്നിനി ഭൂസുണ്ഡനെ ഒന്നു കാണുകവേണം എന്നുറച്ച് സകൗതുകം ഞാന്‍ പുറപ്പെട്ടു. ആ മഹാത്മാവ് സൈ്വരമായി പാര്‍ക്കുന്ന മേരുപര്‍വതക്കൊടുമുടിയില്‍ ചെന്നു ഞാന്‍ നോക്കി. അവിടെ കൂടുകളിലും മറ്റും പക്ഷിക്കൂട്ടം വളരെ വസിക്കുന്നുണ്ട്. ധാതാവിന്റെ വാഹനങ്ങളാകുന്ന ഹംസപ്പക്ഷിക്കുഞ്ഞുങ്ങള്‍ സാമവേദഗാനങ്ങള്‍ ചൊല്ലീടുന്നു. തത്തകള്‍, കുയിലുകള്‍ ഇപ്രകാരമുള്ള പക്ഷിവര്‍ഗം അവിടെ നല്ല മന്ത്രങ്ങളെ ഉച്ചരിക്കുന്നു. സുബ്രഹ്മണ്യന് അമ്പോടു ശൈവവിജ്ഞാനങ്ങളെയെല്ലാം നന്നായി പഠിപ്പിച്ചിട്ടുള്ള മയിലുകള്‍ ശ്രീപാര്‍വതീദേവിയുടെ കേശഭാരത്തെപ്പോലെയുള്ള പീലിയെ പരത്തിക്കൊണ്ടങ്ങിനെ നില്ക്കുന്നു. എന്നല്ല, കല്പകവൃക്ഷത്തിങ്കലായിട്ടു കാക്കകള്‍ അല്പവും ചലിച്ചീടാതെ വാഴുന്നു. പ്രാണസ്പന്ദത്തില്‍ സുബോധവാനായതുകൊണ്ട് എന്നും അന്തര്‍മുഖനും മൗനിയും ശ്രീമാനും ഉന്നതാകാരനും ആയ ആ ധീരന്, പേശലന്, സ്നിഗ്ധവാക്കായുള്ളവന്‍, സുഖി, ഗംഭീരാശയന്‍, പരിപൂര്‍ണമാനസന്‍, മഹാന്, സമന്, എല്ലാംകൊണ്ടും അത്യുത്തമനായ ഭൂസുണ്ഡന്‍ ആ കാക്കക്കൂട്ടത്തിന്റെ മദ്ധ്യത്തില്‍ വാണീടുന്നു. ഞാന്‍ ഇവയെല്ലാം നോക്കിക്കണ്ട് സാനന്ദം ഭൂസുണ്ഡന്റെ മുമ്പില്‍ച്ചെന്നു. ഞാനങ്ങ് ചെന്നീടുമെന്ന് ചിന്തിച്ചിട്ടില്ലെങ്കിലും അന്നേരം വസിഷ്ഠനെന്നു അദ്ദേഹം എന്നെ അറിഞ്ഞു. പെട്ടെന്നു മലയില്‍നിന്ന് മേഘമെന്നതുപോലെ ഇലക്കൂട്ടത്തില്‍നിന്ന് എഴുന്നേറ്റ് പിന്നെ ‘ഹേ മുനേ! സ്വാഗതം’എന്നീവണ്ണം ഉള്ളില്‍ പ്രേമത്തോടെ ഏറ്റവും മധുരമായി പറഞ്ഞു. സങ്കല്പമാത്രംകൊണ്ട് സാധുസഞ്ജാതമായ തന്റെകൈകളെക്കൊണ്ട് മഞ്ജുളമായപുഷ്പങ്ങളെ കാര്‍മേഘം കാഞ്ചനസുമങ്ങളെയെന്നവണ്ണം പാരം അര്‍ച്ചന ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: