തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന അദാലത്തും ഫലം കാണുന്നില്ലെന്ന് ആക്ഷേപം. മൂവാറ്റുപുഴയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോബി ദാസ് ആത്മഹത്യ ചെയ്തതോടെയാണ് സേനയ്ക്കുള്ളിലെ മാനസിക പീഡനങ്ങളും ശിക്ഷാ നടപടികളും വീണ്ടും ചര്‍ച്ചയാകുന്നത്.
എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന പദ്ധതിയാണ് അവസാനം കൊണ്ടുവന്നത്. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇതും ഫലംകണ്ടില്ലെന്നാണ് ജോബി ദാസിന്റെ ആത്മഹത്യയിലൂടെ വ്യക്തമാക്കുന്നതെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.
തന്റെ 12 ഇന്‍ക്രിമെന്റ് തടഞ്ഞു, കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ജോബി ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല നന്നായി പഠിച്ച് പോലീസ് അല്ലാത്ത ജോലി വാങ്ങണമെന്ന് മക്കളോട് പറഞ്ഞിട്ടുമുണ്ട്. അത്രയധികം മാനസിക സംഘര്‍ഷവും തൊഴിലിടത്തിലെ പീഡനവും ഉണ്ടായി എന്നാണ് കത്ത് വ്യക്തമാക്കുന്നത്.
പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ, കൗണ്‍സിലിംഗ്, തുടങ്ങിയ ഒരുപിടി പ്രഖ്യാപനങ്ങളാണ് ഓരോ പോലീസ് മേധാവിമാരും നടത്തുന്നത്. എന്നാല്‍ ഇതെല്ലാം കടലാസ്സില്‍ മാത്രമാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. സേനയില്‍ കാലോചിതമായി അംഗസംഖ്യ വര്‍ദ്ധിപ്പിക്കാതെയും രാഷ്ട്രീയം അവസാനിപ്പിക്കാതെയും പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദത്തിനും തൊഴില്‍ പീഡനത്തിനും അറുതി വരുത്താനാകില്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു.
സ്റ്റേഷന് ജോലികള്‍ക്ക് പുറമെ സ്റ്റുഡന്റ് പോലീസ്, വയോജന പോലീസ്, ജനമൈത്രി പോലീസ് തുടങ്ങി നിരവധി പദ്ധതികള്‍ക്കും സ്റ്റേഷനിലുള്ള പോ
ലീസുകാര്‍ തന്നെ പോകണം. ഒന്നിലധികം ആത്മഹത്യയോ അസ്വഭാവിക മരണമോ ഒരേ സമയം ഉണ്ടായാല്‍പോലും മൃതദേഹം ഇന്ക്വസ്റ്റിനുപോലും വിടാന്‍ ആളെ തികയാത്ത സ്റ്റേഷനുകളുണ്ട്.
അതിനിടയില്‍ എന്തെങ്കിലും പിഴവു വന്നാല്‍ മെമ്മോയും ശിക്ഷാ നടപടികളും. അതിനുപുറമെ സേനയ്ക്കുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനവും രാഷ്ട്രീയ പകപോക്കലും മേലധികാരികളുടെ മോശം പെരുമാറ്റം കൂടിയാകുന്നതോടെ പിടിച്ചുനില്കാനാകില്ല. ഇതിന് തെളിവാണ് ആയിരത്തിനടുത്ത് സേനാംഗങ്ങള്‍ വിആര്‍എസിന് അപേക്ഷ നല്കി കാത്തിരിക്കുന്നതെന്ന് പോലീസുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: