ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഭാരതത്തിന്. ഭാരതത്തിന്റെ ഒളിംപിക്സ്, ലോക ചാമ്പ്യന്‍ നീരജ് ചോപ്ര കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ പോലെ സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ കിഷോര്‍ ജെന വെള്ളി നേടി.
ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സീസണിലെ മികച്ച പ്രകടനം നടത്തി 88.88 മീറ്റര്‍ എറിഞ്ഞാണ് പൊന്നണിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച ദൂരമായ 87.54 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പതിപ്പിച്ചാണ് ജെന വെള്ളിയും സ്വന്തമാക്കിയത്. കൂടാതെ പാരിസ് ഒളിംപി
ക്സ് യോഗ്യതയും നേടിയാണ് ജെന ഹാങ്ചോയില്‍ നിന്നു മടങ്ങുന്നത്. രണ്ടുപേരും തങ്ങളുടെ നാലാമത്തെ അവസരത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്.
ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിന്‍ ത്രോ ഫൈനലില്‍ നടന്നത്. നീരജ് ചോപ്ര ആദ്യ ശ്രമത്തില്‍ 82.38 മീറ്ററും രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞപ്പോള്‍, കിഷോര്‍ ജെന ആദ്യ ശ്രമത്തില്‍ 81.26, 79.96 മീറ്റര്‍ എന്നിങ്ങനെയാണ് എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ കിഷോര്‍ ജെന പിന്നിട്ടത് 86.77 മീറ്റര്‍ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോര്‍ ഒന്നാം സ്ഥാനത്തെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നില്‍.
87.54 മീറ്റര്‍ ദൂരം നാലാം ശ്രമത്തില്‍ കിഷോര്‍ ജെന പിന്നിട്ടെങ്കിലും നീരജിന്റെ അടുത്തെത്താന്‍ സാധിച്ചില്ല. പക്ഷേ നാലാം ശ്രമത്തില്‍ കരിയറിലെ മികച്ച ദൂരം മെച്ചപ്പെടുത്താന്‍ താരത്തിനായി. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. ഒപ്പം 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ ജന പാരിസ് ഒളിംപിക്സിനും
യോഗ്യത നേടി. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. 82.68 മീറ്റര്‍ എറിഞ്ഞ ജപ്പാന്റെ ജെന്‍കി ഡീനിനാണ് വെങ്കലം.
മെഡല്‍ നേടിയശേഷം ഇരുവരും ഭാരതത്തിന്റെ ദേശീയപതാക പുതച്ച് കാണികളെ അഭിസംബോധന ചെയ്തപ്പോള്‍ ചരിത്രം പിറന്നു. ഇതാദ്യമായാണ് ഭാരതം ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഒരുമിച്ച് നേടുന്നത്. ജാവലിനില്‍ ഭാരതത്തിന്റെ ആധിപത്യം കണ്ട ഏഷ്യന്‍ ഗെയിംസ് കൂടിയാണിത്. വനിതാ വിഭാഗത്തില്‍ നേരത്തേ ഭാരതതാരം അന്നു റാണി സ്വര്‍ണം നേടിയിരുന്നു.
യുജീന് ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. 83.80 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വര്‍ണം നഷ്ടമായത്. ബുഡാപെസ്റ്റില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ 88.87 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന് സെപ്റ്റംബറില്‍ നടന്ന സൂറിച്ച ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ നേടാനേ സാധിച്ചിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: