മുംബൈ:റഷ്യ- ഇന്ത്യയിലെ ഓഹരി വിപണി കഴിഞ്ഞ ഒരാഴ്ചയായി തകര്‍ച്ചയെ നേരിടുകയാണ്. ഇതിന് പ്രധാനകാരണം വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നതാണ്. സെപ്തംബറില്‍ മാത്രം വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ 20000 കോടി രൂപ പിന്‍വലിച്ചു. ഇത് അതേ തോതില്‍ പരിഹരിക്കാന്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് സാധിക്കില്ല.
കഴിഞ്ഞ 16 മാസത്തെ കണക്കെടുത്താന്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ പിന്‍വലിച്ചത് ഏകദേശം 4.4 ലക്ഷം ഡോളറാണ്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ബോണ്ട് മൂല്യവര്‍ധനയും കാരണമാണ് വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരിവിപണിയില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, മറ്റ്ഏഷ്യയിലെയും യൂറോപ്പിലെയും മറ്റു പ്രധാന ഓഹരി സൂചികകളും കനത്ത വില്‍പ്പന സമ്മര്‍ദത്തിലാണ്. അമേരിക്കയും യൂറോപ്പും അടക്കമുള്ള സാമ്പത്തിക മേഖലകള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി യുഎസിലേയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ വാണിജ്യ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഇതില്‍ വെട്ടിലാവുക ഇന്ത്യയിലെ ചെറുകിട നിക്ഷേപകരും സാധാരണക്കാരുമാണ്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ അവഗണിച്ചും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ഓഹരികളിലേക്ക് തുടര്‍ച്ചയായി പണമൊഴുക്കിയ ചെറുകിട നിക്ഷേപകര്‍ നിലവില്‍ വന്‍ നഷ്ടമാണ് നേരിടുന്നത്. ഓഹരി വിപണി കനത്ത തകര്‍ച്ചയിലേക്ക് നീങ്ങിയാല്‍ ചെറുകിട നിക്ഷേപകര്‍ വലിയ പ്രതിസന്ധിയിലാകും.
അമേരിക്കയിലെ കേന്ദ്രബാങ്ക് ഡോളര്‍ പലിശ നിരക്ക് ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയുള്ളതിനാല്‍ ഡോളര്‍ വില ഉയര്‍ന്നു തന്നെ നില്ക്കും. നാണ്യപ്പെരുപ്പം കുറയാത്തതാണ് ഡോളര്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ അമേരിക്കയിലെ കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കുന്നത്. എന്തായാലും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ ചെയര്മാന് ജെറോം പവ്വല് ഇനിയും ഡോറളിന്റെ പലിശ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാതെ തുടരുന്നതിനാലാണ് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുന്നതെന്ന് ജെറോം പവ്വല് പറയുന്നു. ഇതിന് പുറമെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീണ്ടും കൂടിയാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും.
യുഎസ് ഡോളര്‍ അസാധാരണമായ രീതിയില്‍ കരുത്താര്‍ജ്ജിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഉക്രൈന്യുദ്ധവും മറ്റ് സാഹചര്യങ്ങളും സൃഷ്ടിച്ച പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ നാണ്യപ്പെരുപ്പം അനിയന്ത്രിതമായി തുടരുന്നതിന് കാരണമാവുന്നത്.
ഡോളറിന്റെ അസാധാരണമായ മൂല്യവർധന അമെരിക്കയുടെ കയറ്റുമതി വിപണിയിലെ മത്സരക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ വീണ്ടുമൊരു പലിശ വർധനവിലേക്ക് നീങ്ങിയാല്‍ ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് വിലയിരുത്തുന്നു. വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ ലോകം മുഴുവന്‍ മറ്റൊരു വന്‍ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: