പറവൂർ : ഗൂഗിള്‍ മാപ്പിലെ പിശകുമൂലം വഴിതെറ്റിയ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്‌ടർമാർ മരിച്ചതെന്ന പ്രചാരണം തെറ്റെന്ന് പൊലീസ്. കാറിന് വഴിതെറ്റിയത് ഗൂഗിള്‍ മാപ്പിലെ പിശക് മൂലമല്ലെന്നും ഗൂഗിള്‍ ശരിയായ വഴി കൃത്യമായി കാണിച്ചിട്ടുണ്ടെന്നും പൊലീസ് ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുകയാണ്.
ഗൂഗിൾ മാപ്പിനുണ്ടായ പിശകു മൂലമല്ല കാറിന് വഴിതെറ്റിയതെന്നത് തെറ്റായ പ്രചാരണമാണെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു. ഞായർ പുലർച്ചെ 12.30നാണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ ആർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ഡോക്‌ടർമാരായ കൊടുങ്ങല്ലുർ മതിലകം പാമ്പിനേഴത്ത് അജ്‌മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ അദ്വൈത് (28) എന്നിവർ മരിച്ചത്.
എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോഴാണ് അഞ്ച് പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കൊടുങ്ങല്ലൂരിലെ ക്രാഫ് റ്റ് ഹോസ്പിറ്റലിലെ ഡോക്ടമാരായ ആസിഫ്, അദ്വൈത് എന്നിവര്‍ക്കൊപ്പം എ ആർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറും എറിയാട് സ്വദേശിയുമായ ഖാസിക്, മെയിൽ നേഴ്സ് കോട്ടയം സ്വദേശി ജിസ്മോൻ, മരിച്ച ഡോക്ടർമാരുടെ സുഹൃത്ത് കോഴിക്കോട് കരുണ മെഡിക്കൽ കോളെജിലെ മെഡിക്കൽ വിദ്യാർഥിനി തമന്ന എന്നിവരും കാറിലുണ്ടായിരുന്നു. ഇവർ മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്വൈതിന്റെ പിറന്നാൾ ആഘോഷിക്കാനായി എറണാകുളത്ത് പോയി തിരിച്ചു കൊടുങ്ങല്ലൂരിലേക്കു വരുമ്പോഴാണ് അപകടം. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര.
ഇവർ സഞ്ചരിച്ചിരുന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ഒപ്പം കാറിലുണ്ടായ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്‌തതാണ് അപകടകാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ പൊലീസ് തള്ളിക്കളയുന്നത്.
പുഴ എത്തുന്നതിനു മുൻപു ഹോളിക്രോസ് എൽപി സ്‌കൂളിന് സമീപത്തു നിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ട് പോയാൽ റോഡ് അവസാനിക്കുകയാണെന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കടൽവാതുരുത്ത് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു 400 മീറ്ററോളം സഞ്ചരിച്ചാലെ പുഴയുടെ സമീപമെത്തൂ. കടൽവാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി യാത്രക്കാർ കാണാതെ പോയതാകാം അപകടത്തിനു കാരണമെന്നാണു പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: