ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭവ പരിപാടിക്ക് കീഴില്‍ 50,000-ത്തിലധികം ആളുകള്‍ ഇതിനകം അവയവ ദാന പ്രതിജ്ഞയെടുത്തു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഗുജറാത്തിലെ ഗാന്ധിനഗറില്‍ കഴിഞ്ഞ മാസമാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
അവയവദാന പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ജനങ്ങളോട് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ മാസം നടന്ന ആയുഷ്മാന്‍ ഭവ കാമ്പെയ്നില്‍ അവയവദാന പ്രതിജ്ഞയ്‌ക്ക് ഡോ. മാണ്ഡവ്യ നേതൃത്വം നല്‍കിയിരുന്നു.
ഒരു വ്യക്തിക്ക് തന്റെ മരണശേഷം വൃക്കകള്‍, കരള്‍, ശ്വാസകോശം, ഹൃദയം, കോര്‍ണിയ തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അവയവദാനം നടത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിച്ചു. 2013ല്‍ രാജ്യത്ത് അയ്യായിരത്തോളം പേര്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്നിരുന്നു. ഇപ്പോള്‍ ഇത് പ്രതിവര്‍ഷം 15,000 പേരായി വര്‍ദ്ധിച്ചു. അടുത്ത വര്‍ഷാവസാനത്തോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അവയവം എടുക്കുന്നതിനുളള ക്രമീകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: