മുംബൈ ഒട്ടേറെ അഴിമതികള്‍ ആരോപിയ്ക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നശേഷം കൊടുങ്കാറ്റില്‍ ഉലയുകയായിരുന്ന അദാനി ഓഹരികള്‍ക്ക് കൈത്താങ്ങായി വന്ന കമ്പനിയാണ് യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി (ഐഎച്ച് സി). 2022ല്‍ 15,400 കോടി രൂപ മുടക്കി അദാനിയുടെ മൂന്ന് കമ്പനികളില്‍- അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന് (ഇപ്പോള്‍ അദാനി എനര്‍ജി സൊലൂഷന്‍സ്), അദാനി എന്റര്‍പ്രൈസസ്- ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഈ നീക്കം അദാനി ഓഹരികളില്‍ വിശ്വാസ്യത വര്‍ധിപ്പിച്ചു. അദാനി ഓഹരി വില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഐഎച്ച് സി അദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി എനര്‍ജി സൊലൂഷന്‍സിലും എടുത്ത ഓഹരികളാണ് വിറ്റൊഴിയുന്നത്.
പ്രിഫറന്‍ഷ്യല്‍ അലോട്ട് മെന്റ് മാര്‍ഗ്ഗം ഉപയോഗിച്ച് മറ്റൊരു കമ്പനിയ്ക്കാണ് ഓഹരികള്‍ വില്‍ക്കുന്നത്. എന്നാല്‍ ആരാണ് ഐഎച്ച് സിയില്‍ നിന്നും ഈ ഓഹരികള്‍ വാങ്ങുന്നത് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അദാനി ഗ്രീന്‍ എനര്‍ജിയുടെ 1.26 ശതമാനം ഓഹരികളും അദാനി എനര്‍ജി സൊലൂഷന്‍സിന്റെ 1.41 ശതമാനം ഓഹരികളുമാണ് ഐഎച്ച് സിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വില്ക്കുന്നുവെങ്കിലും അദാനി കമ്പനികളിലും ഇന്ത്യന്‍ വിപണിയിലും ഉള്ള സമര്‍പ്പണവും പങ്കാളിത്തവും പഴയതുപോലെ കരുത്തുറ്റതാണെന്ന് ഐഎച്ച് സി പറഞ്ഞു.
ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ മികച്ച ലാഭമാണ് ഐഎച്ച് സി നേടുന്നത്. അത് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഐഎച്ച് സി. 2030ഓടെ ഇന്ത്യയ്ക്ക് 45 ജിഗാവാറ്റ് ഊര്‍ജ്ജം വിതരണം ചെയ്യുക എന്ന അദാനിയുടെ ലക്ഷ്യത്തിന് ഐഎച്ച് സിയുടെ മൂലധനനിക്ഷേപം ഊര്‍ജ്ജം പകര്‍ന്നുവെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. യുഎഇ കിരീടാവകാശികളുടെ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ കമ്പനിയാണ് ഐഎച്ച് സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: