മങ്കൊമ്പ്: മഴ ശക്തമായി തുടരുന്നത് കുട്ടനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളില്‍ പത്തോളം പാടങ്ങളിലായി 1000 ഏക്കറിന് മുകളില്‍ നെല്‍പ്പാടം നശിച്ചു. രാമങ്കരി കൃഷിഭവനില്‍ പെട്ട ഊരുക്കരി ഇടംപാടി പാടശേഖരത്തില്‍ മടവീണു. 65 ഏക്കര്‍ നിലം ഒരുക്കി വിതക്ക് പരുവമാക്കിയതാണ് ഇന്നലെവെളുപ്പിന് മട വീണത്. പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്താണ് മടവീണത് ശക്തമായ വെള്ളം വരവില്‍ മട തടയാന്‍ പ്രയാസമാണ്. ഹെക്ടറുകണക്കിന് പാടശേഖരങ്ങള്‍ രണ്ടാം കൃഷിയുടെ കൊയ്ത്തിന് പാകമായിട്ടുള്ളത്.
പുഞ്ചക്കൃഷിക്കുള്ള നിലമൊരുക്കല്‍ പുരോഗമിക്കുന്നതിനിടെ മഴ ശക്തമായി തുടരുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്. 90 ദിവസം കൊണ്ട് മൂപ്പെത്തുന്ന മണിരത്ന ഇനം വിത്താണ് വിളവെടുപ്പിന് പാകമായിട്ടുള്ളത്. ശക്തമായ മഴയിലും മടവീഴ്ചയിലും കതിരുകള്‍ പാടത്തുവീണുപോയാല് കൊയ്ത്ത് ദുഷ്കരമാകും.
നെടുമുടി, ചമ്പക്കുളം കൃഷി ഭവനുകള്‍ക്ക് കീഴിലാണ് ഏറ്റവുമധികം രണ്ടാം കൃഷിയുടെ പാടങ്ങള്‍ വിളവെടുപ്പിനുള്ളത്. തകഴി, അമ്പലപ്പുഴ, പുന്നപ്ര മേഖലകളിലും പാടങ്ങളും കൊയ്ത്തിന് പാകമായി. വിത്ത് ക്ഷാമത്തിനിടെ വെള്ളം വറ്റിച്ച് വിതകൃഷിക്കൊരുക്കുന്ന പാടങ്ങളിലെ കര്‍ഷകരും കനത്ത മഴയുടെയും മടവീഴ്ചയുടെയും ഭീതിയിലാണ്. മഴ കനത്തതോടെകൊയ്ത്ത് യന്ത്രം പാടത്തിറക്കാന്‍ പ്രയാസമാകും.
മഴയില്‍ നെല്ല് പൊഴിയാനിടയായാല് ഭീമമായ നഷ്ടമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. മെതിച്ചെടുത്ത നെല്ല് പാകപ്പെടുത്താനും ഇടവിട്ട മഴ തടസമാണ്. ഈര്‍പ്പം തട്ടുകയോ കിളിര്‍ക്കുകയോ ചെയ്താല്‍ വില്പനയെ ബാധിക്കും. പുറം ബണ്ട് ബലപ്പെടുത്തണമെന്ന കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തതാണ് മടവീഴ്ചയുണ്ടാകുമോ എന്ന ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില പോലും പൂര്‍ണമായും ഇതുവരെ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പലരും കടം വാങ്ങിയാണ് വീണ്ടും കൃഷിക്ക് ഇറങ്ങിയിട്ടുള്ളത്. പുന്നപ്രയില്‍ രണ്ടാം കൃഷിയുടെ നെല്ല് സപ്ലൈക്കോ ഏറ്റെടുക്കാന്‍ വൈകിയതിനാല്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകാര്‍ക്ക് നെല്ല് നല്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: