ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് മെഡല്‍ വാരി ഭാരതം. ഇന്നലെ രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന വെങ്കലവുമടക്കം 9 മെഡലുകളാണ് ഭാരതത്തിന്റെ അഭിമാന താരങ്ങള്‍ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും ഷോട്ട്പുട്ടിലുമാണ് സ്വര്‍ണം.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റിക്കാഡോടെയും ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങുമാണ് സ്വര്‍ണം നേടി.
എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാശ് സബ്ലെ റിക്കാഡോടെ പൊന്നണിഞ്ഞത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ ഇറാന്റെ ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച 8 മിനിറ്റ് 22.79 സെക്കന്‍ഡിന്റെ റിക്കാഡാണ് ഇന്നലെ ഭാരതത്തിന്റെ അഭിമാന താരം മഹാരാഷ്ട്ര സ്വദേശി അവിനാശ് തിരുത്തിയത്. കഴിഞ്ഞ കോമണ്വെല്്ത്ത് ഗെയിംസിലും 2019ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയിട്ടുണ്ട് 29കാരനായ അവിനാശ് സാബ്ലെ. വെള്ളിയും വെങ്കലവും ജപ്പാന് താരങ്ങള്‍ക്കാണ്.
ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും തജീന്ദര്‍പാല്‍ സിങ് സ്വര്‍ണം നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ ഭാരതീയനാണ് തജീന്ദര്‍പാല്‍. കൂടാതെ ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 28കാരനായ ഈ പഞ്ചാബി താരം സ്വര്‍ണം നേടിയിട്ടുണ്ട്. സൗദി അറേബ്യയുടെ മുഹമ്മദ് ഡൗഡ 20.18 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ചൈനയുടെ യാങ് ല്യു 19.97 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി. അതേസമയം ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഭാരത താരമായ സാഹിബ് സിങ് 18.62 മീറ്റര്‍ എറിഞ്ഞ് എട്ടാം സ്ഥാനത്താണ് എത്തിയത്.
പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കര്‍ വെള്ളി സ്വന്തമാക്കി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം. നാലാം ശ്രമത്തിലാണ് വെള്ളി മെഡല്‍ നേട്ടത്തിലേക്ക് നയിച്ച 8.19 ദൂരം താണ്ടിയത്. ചൈനയുടെ വാങ് ജിയാനന്‍ 8.22 മീറ്റര്‍ ചാടി സ്വര്‍ണവും അവരുടെ തന്നെ ഷി യുഹാവോ 8.10 മീറ്റര്‍ ചാടി വെങ്കലവും നേടി.
പുരുഷന്മാരുടെ 1500 മീറ്ററില്‍ വെള്ളിയും വെങ്കലവും ഭാരതത്തിന് സ്വന്തം. 3:38.94 മിനിറ്റില്‍ ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജ് വെള്ളിയും 3:39.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലയാളി താരവും നിലവിലെ സ്വര്‍ണ ജേതാവുമായ ജിന്സണ് ജോണ്സണ് വെങ്കലവും നേടി. ഖത്തറിന്റെ മുഹമ്മദ് അല്‍ ഗാമി 3:38.36 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.
വനിതകളുടെ 1500 മീറ്ററിലാണ് ഹാര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടിയത്. 4:12.74 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഹാര്മിലന്റെ നേട്ടം. ബഹ്റിന്റെ വിന്‍ഫ്രെഡ് യാവി 4:11.65 മിനിറ്റില്‍ സ്വര്‍ണവും അവരുടെ തന്നെ മാര്‍ത യോത 4:15.97 മിനിറ്റില്‍ വെങ്കലവും നേടി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഭാരതത്തിന്റെ ജ്യോതി യരാജി വെള്ളി സ്വന്തമാക്കിയത്. 12.74 സെക്കന്‍ഡില്‍ ചൈനയുടെ ലിന് യുവേ സ്വര്‍ണവും ജപ്പാന്റെ യുമി തനാക വെങ്കലവും നേടി. ഡിസ്കസ് ത്രോയില്‍ സീമ പുനിയ 58.62 മീറ്റര്‍ എറിഞ്ഞ് ഭാരതത്തിനായി വെങ്കലം നേടിയപ്പോള്‍ ഹെപ്റ്റാത്തലണില്‍ 5712 പോയിന്റുമായി നന്ദിനി അഗസാരയും വെങ്കലം കരസ്ഥമാക്കി. ഡിസ്കസില്‍ ഗെയിംസ് റിക്കാര്‍ഡോടെ ചൈനയുടെ ഫെങ് ബിന്‍ സ്വര്‍ണം നേടി. വെള്ളിയും ചൈനക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: