തിരുവനന്തപുരം/തൃശൂര്‍: പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച്, മുന്നൂറു കോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പും 100 കോടിയുടെ കള്ളപ്പണ ഇടപാടും കണ്ടെത്തിയ, കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള നീക്കത്തിനെതിരെ സഹകാരികള്‍. കേരള ബാങ്കിലെ കരുതല്‍ ധനം എടുക്കാനുള്ള നീക്കം നബാര്‍ഡും തടഞ്ഞു. സഹകരണ പുനരുദ്ധാരണ ഫണ്ട് വഴി ധനസമാഹരണവും അനിശ്ചിതത്വത്തിലായി. സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും പ്രായോഗികമല്ല.
കരുവന്നൂര്‍ ബാങ്ക് ഹെഡ് ഓഫീസിന്റെ ആധാരം പോലും പണയത്തിലാണ്, ഇത് കേരളബാങ്കില്‍ പണയപ്പെടുത്തി 12 കോടിയാണ് എടുത്തിട്ടുള്ളത്.
സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് വായ്പ എടുക്കല്‍ എളുപ്പമല്ലെന്ന് വ്യക്തമായതോടയാണ് ബദല്‍ നീക്കം. മറ്റ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും കരുവന്നൂരിലേക്ക് നിക്ഷേപമായി പണം എത്തിക്കാനാണ് സിപിഎം നീക്കം. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം ആയതിനാല്‍ എളുപ്പത്തില്‍ നിക്ഷേപം എത്തിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇതിന് സഹകരണ മന്ത്രി തന്നെ സഹകരണ ബാങ്ക് ഭാരവാഹികളുമായി ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂരിലേക്ക് പണം നല്‍കുന്നതില്‍ സഹകരണ ബാങ്ക് ഭാരവാഹികള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ ആശങ്കയിലാകുമെന്നും പണം നഷ്ടമാകുമെന്ന് ഭയന്ന് അവര്‍ കൂട്ടത്തോടെ നിക്ഷേപം
പിന്‍വലിച്ചേക്കുമെന്നുംഭരണസമിതികള്‍ സിപിഎമ്മിനെ അറിയിച്ചു. കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്കുകളുടെ നിലനില്‍പഅപകടത്തിലാകും. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം സമാഹരിക്കാന്‍ നേരത്തെ നടത്തിയ നീക്കം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ വിസമ്മതിച്ചതോടെ നടപ്പായിരുന്നില്ല.
പ്രാഥമിക സഹകരണ സംഘങ്ങള്‍ ലാഭത്തിന്റെ 15 ശതമാനം കരുതല്‍ ധനമായി നിക്ഷേപിച്ചതില്‍ 1500 കോടി കേരളബാങ്കിലുണ്ട്. ഇതില്‍ നിന്നും 500കോടി പുനരുദ്ധാരണ ഫണ്ടിലേക്ക് മാറ്റി കരുവന്നൂരിന് നല്‍കാനും ശ്രമമുണ്ട്. എന്നാല്‍ അതിന് സഹകരണ സംഘങ്ങളുടെ അനുമതി വേണം. സഹകരണ നിയമങ്ങളില്‍ ഭേദഗതിവേണം. മാത്രമല്ല റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി നബാര്‍ഡ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കോര്‍ ഫണ്ടിനേക്കാള്‍ മേലെ നഷ്ടമുള്ളതോ തട്ടിപ്പിലൂടെ തകര്‍ന്ന സംഘങ്ങള്‍ക്കോ വായ്പ നല്‍കരുതെന്നാണ് ആര്‍ബിഐ മാനദണ്ഡം. ഇത് ചൂണ്ടിക്കാട്ടിയാണ് നബാര്‍ഡ് എതിര്‍പ്പ് അറിയിച്ചത്. കട്ടുമുടിച്ച് പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്‌ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് നബാര്‍ഡ് കേരള ബാങ്കിന് കത്തയച്ചിരിക്കുന്നത്. കേരള ബാങ്ക് ഭാരവാഹികള്‍ ഇക്കാര്യം സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: