കിളിമാനൂര്‍: ഔഷധഗുണമുള്ളതും ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ കരിങ്കോഴിയും അവയുടെ മുട്ടയും തേടി അലയേണ്ടതില്ല. ഷെരിഫുദ്ദീന്റെ വീട്ടില്‍ ഇവ സുലഭമാണ്. ലോകത്താകമാനം ഇരുന്നൂറിലധികം കോഴിയിനങ്ങളുണ്ടെങ്കിലും കരിങ്കോഴിയെ വളര്‍ത്തി ശ്രദ്ധേയനാവുകയാണ് കിളിമാനൂര്‍ മഞ്ഞപ്പാറ ചേറാട്ടുകുഴി ഷിബിന്‍ മന്‍സിലില്‍ ഷെരീഫുദ്ദീന് (63) എന്ന കര്ഷകന്.
കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍ തുടങ്ങി കൃഷി ജീവിതവൃത്തിയായി തെരഞ്ഞെടുത്ത ഷെരീഫുദ്ദീന് ഒമ്പത് പിടയും രണ്ട് പൂവനും ഉള്‍പ്പടെ 11 കരിങ്കോഴികളാണുള്ളത്. മുട്ടയ്ക്കും ഇറച്ചിക്കും യോജിച്ചതാണ് കരിങ്കോഴികളെങ്കിലും ഷെരീഫുദ്ദീന് മുട്ടയ്ക്കുവേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. കരിങ്കോഴികളുടെ മുട്ടയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഷെരീഫുദ്ദീന് ആവശ്യക്കാര്‍ക്ക് മുട്ട എത്തിച്ചുകൊടുക്കുകയാണ് പതിവ്.
ശരീരമാകെ കറുത്ത നിറമായതിനാലാണ് ഇതിനെ കരിങ്കോഴിയെന്ന് വിളിക്കുന്നത്. വളരെ പ്രസിദ്ധിനേടിയ നാടന്‍ ജനുസില്‍ പെട്ടതാണ് കടകനാഥ്, കാലാമഷി എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന കരിങ്കോഴികള്‍. ഇവയുടെ ഉദ്ഭവം മധ്യപ്രദേശാണ്. ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളിലുമുണ്ട്. കൂടുതലായും മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്രവര്‍ഗക്കാരാണ് കരിങ്കോഴികളെ വളര്‍ത്തിയിരുന്നത്.
ഔഷധഗുണമേറിയവയാണ് കരിങ്കോഴിമുട്ടയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സാധാരണ കോഴി മുട്ടയേക്കാള്‍ വലിയ വിലയാണ് കരിങ്കോഴി മുട്ടയ്ക്ക് ലഭിക്കുന്നതും. വെള്ള കലര്‍ന്ന ഇളം ചുവപ്പ് നിറമാണ് മുട്ടയ്ക്ക്. കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ ഇനിയും കരിങ്കോഴികള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. മറ്റ് കോഴികളെ അപേക്ഷിച്ച് ഇവയുടെ ഇറച്ചിയില്‍ കൊളസ്ട്രോളിന്റെ അളവ് കുറവാണ്.
തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി പൗള്‍ട്രി ഫാമില്‍ വിവിധ പ്രായത്തിലുള്ള കരിങ്കോഴികളും മുട്ടയും ലഭിക്കും. ചൈനയില്‍ കാണപ്പെടുന്ന ഒരു ഇനം കരിങ്കോഴികളാണ് സില്‍ക്കീ. എന്നാല്‍ ഇവയ്ക്ക് പ്രത്യേക ഔഷധഗുണമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ഇനം കടകനാഥ് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: